ഓപ്പണറാകാന്‍ കോലിയില്ല ! രോഹിതും രാഹുലും തന്നെ; നയം വ്യക്തമാക്കി സെലക്ടര്‍മാര്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (10:52 IST)
ടി 20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം നായകന്‍ വിരാട് കോലി ഓപ്പണറാകാനുള്ള സാധ്യത അസ്തമിച്ചു. ഓപ്പണര്‍മാരായി ഇറങ്ങുക രോഹിത് ശര്‍മയും കെ.എല്‍.രാഹുലും തന്നെ. ടീം സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇതില്‍ ആരെങ്കിലും ഒരാള്‍ കളിക്കാതെ വരുമ്പോള്‍ ഇഷാന്‍ കിഷനെ ഓപ്പണറായി പരിഗണിക്കും. മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ കൂടിയാണ് ഇഷാന്‍ കിഷനെ പരിഗണിച്ചിരിക്കുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു. 
 
ശിഖര്‍ ധവാന്റെ കരിയര്‍ അസ്തമിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരിയര്‍ പ്രതിസന്ധിയില്‍. ടി 20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനു കഴിയാത്തത് വന്‍ തിരിച്ചടിയായി. ശിഖര്‍ ധവാന്‍ ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വളരെ പ്രധാനപ്പെട്ട താരമാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി 20 ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. എന്തുകൊണ്ട് ധവാനെ ഒഴിവാക്കിയെന്ന ചോദ്യത്തിനു സെലക്ഷന്‍ കമ്മിറ്റിയുടെ ചര്‍ച്ചകളെ കുറിച്ച് പ്രധാന വിവരങ്ങളൊന്നും പുറത്തുപറയാന്‍ താല്‍പര്യമില്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു. മൂന്നാം ഓപ്പണറായി പോലും ധവാനെ പരിഗണിക്കേണ്ടതില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇത് താരത്തിന്റെ ക്രിക്കറ്റ് കരിയറിനും തിരിച്ചടിയാകും. 
 
ഏകദിന ലോകകപ്പ് കൂടി മുന്നില്‍കണ്ടാണ് ടി 20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഓപ്പണറായി സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത് ഇഷാന്‍ കിഷനെയാണ്. മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ പോലും ശിഖര്‍ ധവാനെ പരിഗണിക്കാതിരുന്നത് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ ശിഖര്‍ ധവാന്റെ സ്‌ട്രൈക് റേറ്റ് അത്രത്തോളം മികച്ചതല്ലെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഇതാണ് താരത്തിനു തിരിച്ചടിയായത്. ഏകദിനത്തിലും രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ ഓപ്പണിങ് സഖ്യത്തെ സ്ഥിരമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. 
 
ധവാന്റെ പ്രായമാണ് മറ്റൊരു ഘടകം. ധവാന് ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. ഏകദിന ലോകകപ്പ് കൂടി മുന്നില്‍കണ്ട് ടീമിനെ ശക്തിപ്പെടുത്തണമെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. അതുകൊണ്ടാണ് ഇഷാന്‍ കിഷനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 

ചഹലിനെ ഒഴിവാക്കാന്‍ കാരണമുണ്ട്

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് സെലക്ഷന്‍ കമ്മിറ്റി. യുഎഇയില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയുന്ന സ്പിന്നര്‍മാരെയാണ് ആവശ്യമെന്നും അതുകൊണ്ടാണ് രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ചഹര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. വരുണ്‍ ചക്രവര്‍ത്തി അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പന്തെറിയാല്‍ കെല്‍പ്പുള്ള ബൗളറാണെന്നും ചേതന്‍ ശര്‍മ പറഞ്ഞു. യുഎഇയിലെ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. 

ധോണി ഉപദേശകന്‍, താല്‍പര്യം പ്രകടിപ്പിച്ചത് കോലി

ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ധോണിയുടെ സാന്നിധ്യം ടീമിന് കരുത്തേകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കരുതുന്നു. ടീം അംഗങ്ങളുമായി ധോണിക്കുള്ള സൗഹൃദവും അടുപ്പവും ഏറെ ഗുണം ചെയ്യും. ധോണിയെ ഉപദേശകനായി ടീമിനൊപ്പം ചേര്‍ക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ആദ്യം തീരുമാനിച്ചത്. ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ധോണിയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്തേകുമെന്ന് കോലിയും നിലപാടെടുത്തു. ടീം ഉപദേശ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ധോണിയും വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനൊപ്പം തുടക്കംമുതല്‍ തന്നെ ധോണി ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് ശേഷം ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍