ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ഡെയർഡെവിള്‍സിനു 55 റൺസിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും വിവാദങ്ങള്‍ക്ക് കുറവില്ലായിരുന്നു. നായക സ്ഥാനം ഗൗതം ഗംഭീറില്‍ നിന്നും ഏറ്റെടുത്ത ശ്രേയസ് അയ്യര്‍ മുന്‍ ക്യാപ്‌റ്റനെ പുറത്തിരുത്തി എന്നായിരുന്നു വിമര്‍ശനം.
നായകന്റെ കുപ്പായം ലഭിച്ചയുടന്‍ മുതിര്‍ന്ന താരമായ ഗംഭീറിനെ ശ്രേയസ് അയ്യര്‍ മനപ്പൂര്‍വ്വം കളിപ്പിച്ചില്ല എന്നായിരുന്നു വാദം. എന്നാല്‍, ഈ വിവാദങ്ങള്‍ക്ക് മറുപടിയായി ശ്രേയസ് നേരിട്ട് രംഗത്തെത്തി.
“കൊല്‍ക്കത്തെയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുന്നില്ല എന്ന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു. അതില്‍ എനിക്ക് യാതൊരു പങ്കുമില്ല. അതോടെ ഞങ്ങള്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചുമില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ എനിക്കു നേരെ വന്നതില്‍ എങ്ങനെ എന്ന് എനിക്കറിയില്ല എന്നും ശ്രേയസ് പറഞ്ഞു.
തുടര്‍ച്ചയായി മത്സരങ്ങള്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗംഭീര്‍ നായകസ്ഥാനം രാജിവെച്ചത്.
ശ്രേയസിന്റെ നായക മികവില്‍ മത്സരത്തിനിറങ്ങിയ ഡല്‍ഹി ശക്തരായ കൊല്‍ക്കത്തയെ തോല്‍പ്പിച്ചിരുന്നു. 219 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ സാധിച്ചുള്ളു. മത്സരത്തില്‍ ശ്രേയസ് 40 പന്തില്‍ 93 റൺസ് എടുത്തു പുറത്താകാതെ നിന്നു.