ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ അനായാസവിജയമാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 115 റൺസിന് തകർന്നടിഞ്ഞതോടെ കാര്യങ്ങൾ ഡൽഹിക്ക് എളുപ്പമായി. ഓപ്പണിങ് താരം ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുടെ മികവിൽ അനായാസവിജയമാണ് ഡൽഹി സ്വന്തമാക്കിയത്.
അതേസമയം കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട ഡേവിഡ് വാർണർ വിസ്‌മയകരമായ പ്രകടനമാണ് ഡൽഹിയിൽ നടത്തുന്നത്. പതിനഞ്ചാമത് ഐപിഎൽ സീസണിൽ താരത്തിന്റെ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്.30 പന്തില്‍ 10 ഫോറും ഒരു സിക്‌സുമടക്കം 60 റണ്‍സ് ആണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലില്‍ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.
ഐപിഎല്ലില്‍ കഴിഞ്ഞ മത്സരത്തിലൂടെ പഞ്ചാബ് കിങ്‌സിനെതിരെ 1000 റണ്‍സ് പൂർത്തിയാക്കാൻ വാർണർക്ക് സാധിച്ചു. ഐ പി എല്ലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്കെതിരെ 1000 + റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് ഡേവിഡ് വാർണർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1018 റണ്‍സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഐപിഎല്ലില്‍ ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.