നൂറില്ലാതെ നൂറ് മത്സരങ്ങൾ! കിങ് കോലിയ്ക്ക് എന്തുപറ്റി?

വ്യാഴം, 21 ഏപ്രില്‍ 2022 (13:21 IST)
ക്രിക്കറ്റ് ലോകത്ത് സമാനതകളി‌ല്ലാതെ മികച്ച പ്രകടനം നടത്തി ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോലി. തുടർച്ചയായി സെഞ്ചുറിക‌ളിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന കോലിയു‌ടെ ബാറ്റ് പക്ഷേ അവസാനമായി ഒരു സെഞ്ചുറി നേടി 100 മത്സരങ്ങളാകുന്നു.
 
ഒരു കാലത്ത് നിരന്തരം സെഞ്ചുറി കണ്ടെത്തിയിരുന്ന കോലി 100 മത്സരങ്ങൾ സെഞ്ചുറിയില്ലാതെ പൂർത്തിയാക്കി എന്നത് ആരാധകർക്ക് അവിശ്വസനീയം തന്നെയാണ്. 2019 നവംബർ 22ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിരാട് കോലിയുടെ ബാറ്റിൽ നിന്ന് സുന്ദരമായൊരു സെഞ്ചുറി പിറന്ന ശേഷം മൂന്നക്കമുണ്ടായിട്ടില്ല. അതിന് ശെഷം 17 ടെസ്റ്റ് മത്സരങ്ങളും 21 ഏകദിനവും 25 ടി20യും 37 ഐപിഎല്‍ മത്സരങ്ങളുമാണ് കോലി കളിച്ചത്.
 
ഐപിഎൽ പതിനഞ്ചാം സീസണിൽ  7 മത്സരങ്ങളിൽ നിന്ന് 19.83 ശരാശരിയില്‍ 119 റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം. കോലിയുടെ ഉയർന്ന ‌സ്കോർ 48. തുടർച്ചയായ മോശം പ്രകടനങ്ങളിൽ നിന്നും തിരിച്ചുകയറാൻ ഒരു സെഞ്ചുറി പ്രകടനം മാത്രമാണ് കോലിയ്ക്ക് ആവശ്യമെന്നാണ് ആരാധകരും വിമർശകരും കരുതുന്നത്. അതേസമയം മത്സരങ്ങളിൽ നിന്നും കോലി ഇടവേളയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
 
അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ കോലി ഇല്ലാതെയാകുമോ ഇന്ത്യ ഇറങ്ങുക എന്ന സംശയവും ആരാധകർക്കുണ്ട്. ഇതിനിടയിൽ ഫോം കണ്ടെത്താനായാൽ ഇന്ത്യൻ ടീമിന്റെ നെടുന്തൂണാകാൻ കോലിയ്ക്ക് കഴിയുമെന്ന് തീർച്ച.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍