ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാട്ടിയ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്‌റ്റീവ് സ്‌മിത്തിനും ഡേവിഡ് വാർണർക്കും ആജീവാനന്ത വിലക്ക് വന്നേക്കുമെന്ന് സൂചന. ഗുരുതര അച്ചടക്ക ലംഘനം നടത്തുന്ന താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് നല്‍കണമെന്ന ഓസീസ് പെരുമാറ്റ ചട്ടമാണ് ഇരുവര്‍ക്കും വിനയാകുന്നത്.
പന്തില്‍ കൃത്യമം കാണിച്ചതായി സ്‌മിത്തും വാര്‍ണറും സമ്മതിച്ച സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ നാണക്കേടില്‍ നിന്നും തലയൂരാന്‍ ഏതുമാര്‍ഗവും സ്വീകരിക്കാമെന്ന നിലപാടിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ എത്തിച്ചേരുകയാണ്.
ഒരു മത്സരത്തിൽ വിലക്കും മാച്ച് ഫീസ് മുഴുവനായും പിഴയും ചുമത്തിയതു കൊണ്ട് കാര്യമില്ലെന്നും സ്‌മിത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് മുൻ ക്രിക്കറ്റ് താരങ്ങൾ വ്യക്തമാക്കുന്നത്. ഐസിസി നിയമാവലിയിലെ രണ്ടാമത്തെ ലെവലിലുള്ള കുറ്റമാണ് നടന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടതും ക്രിക്കറ്റ് ബോര്‍ഡിന് വിനയാകുന്നുണ്ട്. സ്‌മിത്തിനെയും വാര്‍ണറെയും ആജീവനാന്തം വിലക്കുന്ന നടപടിക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ തുനിയുമെന്ന റിപ്പോര്‍ട്ടാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.