അടുത്ത ഒളിമ്പിക്സിൽ ക്രിക്കറ്റും, മെഡൽ ഉറപ്പിച്ച് ഇന്ത്യ, ആവേശത്തിൽ റിക്കി പോണ്ടിംഗ്

അഭിറാം മനോഹർ
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (14:04 IST)
Olympics 2028
2028ല്‍ നടക്കാനിരിക്കുന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും. 1900ത്തിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിലെത്തുന്നത്. 2023 ഒക്ടോബറില്‍ മുംബൈയില്‍ വെച്ച് നടന്ന ഐഒസി സെഷനിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചത്. പാരീസ് ഒളിമ്പിക്‌സ് അവസാനിച്ചതോടെ അടുത്ത ഒളിമ്പിക്‌സിനായുള്ള കാത്തിരിപ്പിലാണ് കായികപ്രേമികള്‍. അടുത്ത ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉണ്ട് എന്നതിനെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.
 
 ക്രിക്കറ്റ് കൂടി ഒളിമ്പിക്‌സില്‍ ഭാഗമാകുന്നതോടെ ഒരു മെഡല്‍ ക്രിക്കറ്റില്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ ടീമിനാകും. ഇത് ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കും. അതേസമയം ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തകളോട് ആവേശത്തോടെയാണ് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് പ്രതികരിച്ചത്. ഏറെ നാളായി ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പോണ്ടിംഗ് പ്രതികരിച്ചു.
 
 അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മേജര്‍ ലീഗ് ക്രിക്കറ്റ്(എംഎല്‍സി) സഹായത്തോടെ യുഎസില്‍ ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമാകുമെന്ന പ്രതീക്ഷയും പോണ്ടിംഗ് പങ്കുവെച്ചു. ഇനി നാല് വര്‍ഷങ്ങളാണ് മുന്നിലുള്ളത്. അപ്പോഴേക്കും എംഎല്‍സി കാരണം യുഎസില്‍ ക്രിക്കറ്റ് വളര്‍ന്നിട്ടുണ്ടാകും. ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് വരുമ്പോള്‍ അത് ലോകമെങ്ങുമുള്ള കായികപ്രേമികളിലെ ഈ ഗെയിം എത്താന്‍ സഹായിക്കും. ഇത് കായിക ഇനമെന്ന നിലയില്‍ ക്രിക്കറ്റ് കൂടുതല്‍ വളരാന്‍ കാരണമാകുമെന്നും പോണ്ടിംഗ് പറഞ്ഞു. വരുന്ന ഒളിമ്പിക്‌സില്‍ ടി20 ഫോര്‍മാറ്റിലാകും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article