ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ പല പൊട്ടിത്തെറികളും നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്ടൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും രണ്ട് ചേരികളിലാണെന്നും ടീമിലെ മറ്റ് അംഗങ്ങൾ ഈ രണ്ട് ചേരികളിലാണ് കൂറെന്നുമായിരുന്നു റിപ്പോർട്ടുകൾ.
കോലി വിഭാഗമെന്നും രോഹിത് വിഭാഗമെന്നും ടീമില്‍ കളിക്കാര്‍ രണ്ടു ഗ്രൂപ്പുകളിലാണെന്നും കോലിക്കു തനിക്ക് പ്രിയമുള്ളവർക്ക് മാത്രമാണ് മുൻഗണന നൽകുന്നതെന്നുമായിരുന്നു ഉയർന്ന ആരോപണം. സ്പിന്നര്‍ കുല്‍ദീപ് യാദവുള്‍പ്പെടെയുള്ള ചില കളിക്കാരുമായി കോലി അത്ര നല്ല രസത്തിലല്ലെന്നും ഇതേ തുടര്‍ന്നാണ് ലോകകപ്പിലെ മിക്ക മല്‍സരങ്ങളിലും യാദവിനെ പുറത്തിരുത്തിയതെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, ലോകകപ്പ് പരാജയത്തിനു ശേഷം ഇതാദ്യമായി ഇത്തരം വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കോഹ്ലി. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ സഹതാരങ്ങളുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നു കോലി വ്യക്തമാക്കി. കുല്‍ദീപുമായുള്ള അതേ അടുപ്പം തന്നെയാണ് എംഎസ് ധോണിയുമായുമുള്ളത്.
വളരെ സൗഹൃദ അന്തരീക്ഷമാണ് ഇപ്പോള്‍ ടീമിന് അകത്തുള്ളത്. ആര്‍ക്കും ആരോടും എന്തും പറയാം. അവിടെ സീനിയറെന്നോ, ക്യാപ്റ്റനെന്നോ വേര്‍തിരിവില്ല. കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പറ്റിയ അബന്ധങ്ങൾ ഇനി ആവർത്തിക്കരുതെന്നും ടീം അംഗങ്ങളോട് പറയാറുണ്ടെന്നും കോഹ്ലി പറയുന്നു.