ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് വക്താവ് ഡോ ഷമ മുഹമ്മദ് വെട്ടിലായി. രോഹിത് ശര്‍മ അമിതവണ്‍നമുള്ളയാളാണെന്നും അത്ര മികച്ച ക്യാപ്റ്റന്‍സിയല്ല താരത്തിന്റേത് എന്നുമായിരുന്നു ഷമയുടെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്താായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷമയുടെ പരാമര്‍ശം. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി.
ഒരു കായികതാരമെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് വണ്‍നം കൂടുതലാണ്. ശരീരഭാരം കുറയ്ക്കണം. തീര്‍ച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതില്‍ ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റന്‍. എന്നായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷമ കുറിച്ചത്. പിന്നാലെ ഈ വിഷയത്തില്‍ ഷമയെ എതിര്‍ത്തും പിന്തുണച്ചും നിരവധി കമന്റുകളെത്തി. രോഹിത്തിന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 72 ശതമാനം വിജയമുള്ളപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 100 തെരെഞ്ഞെടുപ്പുകളില്‍ 6 ശതമാനം മാത്രമാണ് വിജയമെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
ഇതിന് പിന്നാലെ ബിജെപി വക്താവ് ഷഹ്‌സാദ് പൂനെവാലെ പ്രതികരണവുമായി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരെഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നാണ് ബിജെപി വക്താവിന്റെ പരിഹാസം. സംഭവം വിവാദമായതോടെ ഒടുവില്‍ ഷമാ മുഹമ്മദ് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.