ചാമ്പ്യൻസ് ട്രോഫി: ന്യൂസിലൻഡിനെതിരായ പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, രോഹിത് ശർമയ്ക്ക് പരിക്ക്

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (12:17 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ഗ്രൗണ്ട് വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇന്നലെ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയപ്പോള്‍ രോഹിത് ബാറ്റിംഗ് പരിശീലനം ചെയ്തില്ലെന്ന് ക്രിക് ബസാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
അതേസമയം വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലും ഇന്നലെ പരിശീലനത്തില്‍ പങ്കെടുത്തില്ല. രോഹിത്തിന് മത്സരം നഷ്ടമാവുകയാണെങ്കില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗില്‍ വരികയും റിഷഭ് മധ്യനിരയില്‍ കളിക്കുവാനുമാണ് സാധ്യത അധികവും. പനി ബാധിച്ചിട്ടും ഇന്നലെ റിഷഭ് പന്ത് പരിശീലനത്തിന് ഇറങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷമിയും ഇന്നലെ നെറ്റ്‌സില്‍ പരിശീലനം നടത്തി. ഞായറാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ന്യൂസിലന്‍ഡ്- ഇന്ത്യ പോരാട്ടം. മത്സരം വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ കയറാനാകും.
 
 ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടി വരിക. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കാണ് സെമി സാധ്യത ഉള്ളത്. ഇന്ന് നടക്കുന്ന അഫ്ഗാന്‍- ഓസ്‌ട്രേലിയ മത്സരഫലത്തോടെ ഇതിന്റെ ഏകദേശ ചിത്രം ലഭ്യമാകും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍