Shama Mohammed: 'രോഹിത് തടിയന്‍, മോശം ക്യാപ്റ്റന്‍'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ഷമ മുഹമ്മദ്

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (13:18 IST)
Rohit Sharma and Shama Mohammed

Shama Mohammed: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ' ഞാന്‍ എന്തിനു മാപ്പ് പറയണം? ഒരു കായികതാരത്തിനു ശരീരഭാരം കൂടുതല്‍ ആണെന്നു പറഞ്ഞതിനോ?,' ഷമ ടൈംസ് നൗവിനോടു പ്രതികരിച്ചു. 
 
കോണ്‍ഗ്രസിന്റെ ദേശീയ വക്താവാണ് ഷമ മുഹമ്മദ്. ഷമയുടെ പരാമര്‍ശം കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ രോഹിത്തിനെതിരെ ഷമ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഷമ എക്‌സില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഷമ വ്യക്തമാക്കുന്നു. 
 
ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തിയതിനു പിന്നാലെയാണ് ഷമയുടെ പരാമര്‍ശം. ' ഒരു കായികതാരമെന്ന നിലയില്‍ രോഹിത് തടിയനാണ്. ശരീരഭാരം കുറയ്‌ക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍മാരില്‍ ഒരാളും' ഷമ എക്‌സില്‍ കുറിച്ചു. ഷമയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍