Chennai Super Kings: തലയ്ക്ക് മേലെ എവനും ഇറുക്കാത്..! അഞ്ചാം ഐപിഎല്‍ കിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; അവസാന പന്തില്‍ ഫോറടിച്ച് വിജയം സമ്മാനിച്ചത് ജഡേജ
Chennai Super Kings: ഗുജറാത്ത് ടൈറ്റന്‍സിനേയും മഴയേയും ഒന്നിച്ച് തോല്‍പ്പിച്ച് ഐപിഎല്‍ 2023 സീസണില്‍ ജേതാക്കളായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന പന്ത് വരെ ഉദ്വേഗം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി ഭേദഗതി വരുത്തിയിരുന്നു.
ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വെയും ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. 6.3 ഓവറില്‍ 74 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കോണ്‍വെ 25 പന്തില്‍ 47 റണ്‍സും ഗെയ്ക്വാദ് 16 പന്തില്‍ 26 റണ്‍സും നേടി. പിന്നാലെ വന്ന ശിവം ദുബെ (21 പന്തില്‍ പുറത്താകാതെ 32), അജിങ്ക്യ രഹാനെ (13 പന്തില്‍ 27 റണ്‍സ്), അമ്പാട്ടി റായിഡു (എട്ട് പന്തില്‍ 19), രവീന്ദ്ര ജഡേജ (ആറ് പന്തില്‍ പുറത്താകാതെ 15 റണ്‍സ്) എന്നിവര്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ സിക്‌സും ഫോറും അടിച്ചാണ് ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് സായ് സുദര്‍ശന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെറും 47 പന്തില്‍ എട്ട് ഫോറും ആറ് സിക്സും സഹിതം സുദര്‍ശന്‍ 96 റണ്‍സ് നേടി. അര്‍ഹിച്ച സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ പുറത്താകുകയായിരുന്നു. വൃദ്ധിമാന്‍ സാഹ 39 പന്തില്‍ 54 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 39 റണ്‍സ് നേടി പുറത്തായി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന ടീം എന്ന റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഇനി ചെന്നൈയും ഉണ്ടാകും. മുംബൈയും അഞ്ച് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്.