ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് ഐസിസി. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന നിലപാടില്‍ ബിസിസിഐ ഉറച്ച് നിന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുകളില്‍ ഐസിസി സമ്മര്‍ദ്ദം ചെലുത്തിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന്‍ അല്ലാതെ മറ്റൊരു വേദിയില്‍ വെച്ച് നടത്തണമെന്നായിരുന്നു ഐസിസി നിര്‍ദേശം.
ഐസിസി ചെയര്‍മാനായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ചുമതലയേറ്റെടുത്തതോടെയാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനിച്ചത്. പാകിസ്ഥാനില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പാകിസ്ഥാനും കളിക്കില്ലെന്ന് പിസിബി നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ 2027 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ- പാക് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും യോഗത്തില്‍ ധാരണയായി.
ഇതോടെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാകപ്പ്, 2026ല്‍ ഇന്ത്യയുടെ ശ്രീലങ്കയും ആതിഥേയരാവുന്ന ടി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ എന്നിവ കളിക്കാനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ല. പകരം നിഷ്പക്ഷ വേദികളിലാകും പാകിസ്ഥാന്റെ മത്സരങ്ങള്‍ നടത്തുക. അടുത്ത വര്‍ഷം 19നാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ തുടങ്ങുന്നത്. ഐസിസി റാങ്കിംഗില്‍ ആദ്യ 8 സ്ഥാനങ്ങളിലുള്ള ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുക.
ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശുമാണ് എ ഗ്രൂപ്പിലുള്ളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഉദ്ഘാടന മത്സരം ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ്. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.