KL Rahul: അത് നോ- ബോള്‍ അല്ലായിരുന്നെങ്കില്‍.. ഇങ്ങനെയുമുണ്ടോ ഭാഗ്യം, ബോളണ്ടിന്റെ ഓവറില്‍ 2 തവണ രക്ഷപ്പെട്ട് കെ എല്‍ രാഹുല്‍

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2024 (11:38 IST)
KL Rahul- Boland
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഡലെയ്ഡ് ടെസ്റ്റ് തുടങ്ങിയത് മുതല്‍ ആവേശകരമായ നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ലഭിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ മടക്കിയാണ് ഓസീസ് തുടങ്ങിയത്. പിന്നാലെ തന്നെ റണ്‍സൊന്നും നേടാതെ ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുലിനെ മടക്കാനും ഓസ്‌ട്രേലിയയ്ക്കായി. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഓവറിലായിരുന്നു കെ എല്‍ രാഹുല്‍ പുറത്തായത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഡെലിവറി നോബോള്‍ ആണെന്ന് തെളിഞ്ഞു.
 
മത്സരത്തില്‍ 19 പന്തില്‍ 0 എന്ന നിലയില്‍ നില്‍ക്കെയാണ് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് സമ്മാനിച്ച് രാഹുല്‍ പുറത്തായത്.  കെ എല്‍ രാഹുല്‍ മടങ്ങാന്‍ തയ്യാറായി നില്‍ക്കെയാണ് ഡെലിവറി നോബോളാണെന്ന് ടെക്‌നോളജിയിലൂടെ ബോധ്യപ്പെട്ടത്. എന്നാല്‍ രസകരമെന്തെന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കെ എല്‍ രാഹുലിന്റെ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് തെളിയികയും ചെയ്തു. ഡിആര്‍എസ് എടുക്കാതിരുന്നതിനാല്‍ തന്നെ പന്ത് നോ ബോള്‍ ആയിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമാകാന്‍ സാധ്യതയേറെയായിരുന്നു. 
 
 ഈ പന്തോട് കൂടി അതുവരെയും റണ്‍സ് നേടാതിരുന്ന രാഹുല്‍ അതേ ഓവറില്‍ തന്നെ ഡബിള്‍സ് ഓടി സ്‌കോര്‍ബോര്‍ഡില്‍ തന്റെ സാന്നിധ്യം അറിയിച്ചു. പിന്നാലെ ഒരു ക്യാച്ച് അവസരം അതേ ഓവറില്‍ കെ എല്‍ രാഹുല്‍ സമ്മാനിച്ചെങ്കിലും അവസരം ഉസ്മാന്‍ ഖവാജ നഷ്ടപ്പെടുത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article