ചില താരങ്ങൾക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കും, സൂര്യകുമാറിന് കിട്ടുന്ന അവസരങ്ങളെ വിമർശിച്ച് മുൻ താരം

വെള്ളി, 24 മാര്‍ച്ച് 2023 (16:55 IST)
കഴിഞ്ഞ 2 വർഷക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ടി20 ക്രിക്കറ്റിൽ വിസ്മയകരമായ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും ഏകദിന ക്രിക്കറ്റിൽ മികവ് തെളിയിക്കാൻ സൂര്യയ്ക്കായിട്ടില്ല. ഓസീസിനെതിരായ സീരീസിലെ മൂന്ന് മത്സരങ്ങളിലും താരം ഗോൾഡൻ ഡക്കായാണ് പുറത്തായത്. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് താരം ഏറ്റുവാങ്ങുന്നത്.
 
ഇപ്പോഴിതാ സൂര്യകുമാറിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നറായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ചില കളിക്കാർക്ക് ടീമിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്നതിൻ്റെ ഉദാഹരണമാണ് സൂര്യകുമാർ യാദവെന്നും ക്രിക്കറ്റിലെ ഓരോ ഫോർമാറ്റിലെയും പ്രകടനത്തെയും വ്യത്യസ്തമായി കാണണമെന്നും ശിവരാമകൃഷ്ണൻ പറയുന്നു. ടി20യിലെ മികവ് ഏകദിനത്തിലും പുലർത്താനായില്ലെങ്കിൽ അത് കണക്കിലെടുക്കണം. ടി20യിലെ പ്രകടനത്തിൻ്റെ മികവിൽ ഒരു താരത്തിന് ടെസ്റ്റിലടക്കം എല്ലാഫോർമാറ്റിലും അവസരം നൽകരുത്. ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ കളിക്കാൻ വ്യത്യസ്തമായ കഴിവാണ് ആവശ്യം അത് ഏകദിനമായാലും ടെസ്റ്റായാലും. ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വീറ്റ് ചെയ്തു.
 
ടി20 യിൽ മികച്ച റെക്കോർഡുണ്ടെങ്കിലും ഏകദിനത്തിൽ 21 ഇന്നിങ്ങ്സിൽ നിന്നും 24 ശരാശരിയിൽ 433 റൺസ് മാത്രമാണ് സൂര്യകുമാർ സ്വന്തമാക്കിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍