അഭ്യുഹങ്ങള്‍ അവസാനിപ്പിച്ചുക്കൊണ്ട് ക്രിക്കറ്റ് ലോകത്തിന് നിരാശപകരുന്ന വാര്‍ത്തയ്‌ക്ക് സ്ഥിരീകരണമായി. താന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന പരമ്പരയോടെ വിരമിക്കും. എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകുമെന്നും അതിനാല്‍ വിരമിക്കുകയാണെന്നും ആരാധകര്‍ ഏറെയുള്ള കിവീസ് താരം പറഞ്ഞു.
ക്രിക്കറ്റില്‍ നിന്നും ന്യൂസിലന്‍ഡ് ടീമില്‍ നിന്നും തനിക്ക് ലഭിച്ച മികച്ച അനുഭവങ്ങള്‍ക്ക് എന്നും നന്ദിയുണ്ടാകും. കിവീസിനായി കളിച്ചു തുടങ്ങുകയും പിന്നീട് നായകനാകുകയും ചെയ്‌തതില്‍ സന്തുഷ്ടനാണ്. എന്നാല്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും മക്കല്ലം പറഞ്ഞു.
ഓസീസിനെതിരെ 101 ടെസ്റാണ് മക്കല്ലം കളിക്കുന്നത്. കിവീസിന്റെ ഏക്കാലത്തെയും മികച്ച ടെസ്റ് റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് മക്കല്ലം. ഇതുവരെ 99 ടെസ്റ്റുകള്‍ കളിച്ച മക്കല്ലം 11 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും അടക്കം 6,273 റണ്‍സ് നേടി. 254 ഏകദിനത്തില്‍ കളിച്ച മക്കല്ലം 30.30 ശരാശരിയില്‍ 5,909 റണ്‍സ് സമ്പാദിച്ചു. 71 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നായി 2,140 റണ്‍സും നേടി. 2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.
തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതിലും വിദഗ്‌ദനായ മക്കല്ലത്തിലും ക്രിക്കറ്റ് ലോകത്ത് വന്‍ ആരാധകരാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞാല്‍ ബോളര്‍മാര്‍ ഭയക്കുന്ന ബാറ്റ്‌സ്‌മാനാണ് മക്കല്ലം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലില്‍ എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് ഈ വെടിക്കെട്ട് താരമായിരുന്നു. മക്കല്ലത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഇന്ത്യയിലാണ്.