ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഗാബ ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ദിനം മുതല്‍ രസംകൊല്ലിയായി മഴ ഇടയ്ക്കിടെ തടസ്സപ്പെടുത്തിയ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് പ്രവേശിക്കവെയാണ് അവസാനദിനവും കളി മഴ തടസ്സപ്പെടുത്തിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അവസാന ദിനത്തില്‍ 275 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.
ആദ്യ ഇന്നിങ്ങ്‌സില്‍ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ 445 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്ക് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 260 റണ്‍സില്‍ അവസാനിച്ചിരുന്നു. 9 വിക്കറ്റുകള്‍ വീണിട്ടും മത്സരത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാനായതാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. മഴ ഇടക്കിടെ മത്സരം തടസ്സപ്പെടുത്തുന്നതിനാല്‍ ഇന്ത്യയെ പെട്ടെന്ന് ബാറ്റിംഗിനയക്കുവാനായിരുന്നു ഓസ്‌ട്രേലിയന്‍ പദ്ധതി. സ്‌കോറിംഗ് പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിച്ച ഓസീസിന് 89 റണ്‍സ് എടുക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി. 275 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗിനിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മത്സരം മഴ തടസ്സപ്പെടുത്തുകയായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഓസീസ് താരമായ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. ഗാബ ടെസ്റ്റ് സമനിലയിലായതോടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് 1-1 എന്ന നിലയിലാണ്.