ക്രീസില്‍ വീണ്ടും വിവാദം; ബെൻ സ്റ്റോക്സിന്റെ ഔട്ട് ചര്‍ച്ചയാകുന്നു

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (10:06 IST)
ബെൻ സ്റ്റോക്സിനെ ടിവി അംപയർ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയ വിവാദം ക്രിക്കറ്റ് ലോകത്ത് തുടരുമെന്ന് സൂചന. ഇംഗ്ളീഷ് ബാറ്റ്സ്മാൻ ബെൻസ്റ്റോക്സിനെ ഫീൽഡിംഗ് തടസപ്പെടുത്തി എന്നാരോപിച്ച് അമ്പയർ ഔട്ട് വിളിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതോടെ ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ ആസ്ട്രേലിയയുടെ 64 റൺ വിജയം വിവാദത്തിൽ മുങ്ങി.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഇരുപത്തി ആറാമത്തെ ഓവറില്‍ ഇടങ്കയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ബെൻ സ്റ്റോക്സ് പ്രതിരോധിക്കുന്നു. പന്തിനെ സ്റ്റോക്സ് പായിച്ചത് സ്റ്റാര്‍ക്കിനെ അടുത്തേക്കും. ഉടന്‍ തന്നെ പന്ത് പിടിച്ചെടുത്ത സ്റ്റാര്‍ക്ക് അത് അതിവേഗത്തിൽ സ്റ്റോക്സിനു നേരെ എറിയുന്നു. ഫീൽഡ് ചെയ്ത പന്ത് സ്റ്റാർക്ക് ബാറ്റ്സ്മാന്റെ എൻഡിലെ സ്റ്റംപിന് നേരെ എറിഞ്ഞപ്പോൾ തന്റെ ദേഹത്ത് കൊള്ളാതിരിക്കാനായി സ്റ്റോക്സ് കൈകൊണ്ട് തട്ടിയിട്ടു. ഇതോടെ പുതിയ നിയമമനുസരിച്ച്  ആസ്ട്രേലിയൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു.

നിയമം: മനഃപൂർവം ഫീൽഡ് തടസ്സപ്പെടുത്തുന്ന ബാറ്റ്സ്മാനെ അംപയർക്കു പുറത്താക്കാം. എന്നാൽ, പരുക്കിൽനിന്നു രക്ഷതേടാനുള്ള ബാറ്റ്സ്മാന്റെ അവകാശവും നിയമം വ്യക്തമാക്കുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോൻ മോർഗൻ എതിർത്തെങ്കിലും അമ്പയർ ഔട്ട് വിളിച്ചു. ഇതോടെയാണ് ഇംഗ്ളണ്ട് തോൽവിയിലേക്ക് നീങ്ങിയത്. മോർഗൻ 85 റണ്ണെടുത്തു. സംഭവം അമ്പയര്‍മാര്‍ക്കിടയിലും ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും നിരീക്ഷകര്‍ക്കിടയിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.

അപ്പീൽ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നും സ്റ്റോക്സ് ക്രീസിനു വെളിയിൽ നിൽക്കുന്നതും പന്ത് കൈകൊണ്ടു പിടിക്കുന്നതും താന്‍ കണ്ടതാണെന്നുമാണ് ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറയുന്നത്.  സ്റ്റാർക് പന്തെറിഞ്ഞത് അതിവേഗത്തിൽ ആയിരുന്നു. സ്വയം പ്രതിരോധിക്കുക മാത്രമാണ് സ്റ്റോക്സ് ചെയ്തത്. ആ സംഭവത്തെ എങ്ങനെയും വ്യഖ്യാനിക്കാം. എങ്കിലും മനഃപൂർവം പന്തു പിടിച്ചുവെന്ന വാദത്തോടു യോജിപ്പില്ല എന്ന് ഇഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിൻ മോർഗൻ പറയുന്നു.