തുടരുന്ന അവഗണന, സഞ്ജു സാംസൺ ആയിരിക്കുക ഒരിക്കലും എളുപ്പമല്ല

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (20:41 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണിനെ അവഗണിച്ചതിൽ വിമർശനം ശക്തമാകുന്നു. നേരത്തെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ 3 മത്സരങ്ങളിലും സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു. ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തിളങ്ങിയിട്ടും അടുത്ത 2 മത്സരങ്ങളിലും താരത്തിന് അവസരം നൽകിയില്ല.
 
കരിയറിലെ ദയനീയമായ ഫോമിൽ തുടരുന്ന വൈസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തീർത്തും നിറം മങ്ങുമ്പോഴും തുടരെ അവസരങ്ങൾ നൽകുന്നതും മികച്ച ഫോമിലുള്ള സഞ്ജുവിനെ മാറ്റി നിർത്തുന്നതുമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. സഞ്ജു മറ്റ് രാജ്യങ്ങളിലേക്ക് മാറിയാൽ എളുപ്പത്തിൽ തന്നെ ആ ടീമുകളിലെ ഇലവനിൽ സ്ഥാനം ലഭിക്കുമെന്നും ബിസിസിഐ താരത്തിൻ്റെ പ്രതിഭയെ കൊല്ലുകയാണെന്നും സഞ്ജുവിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
 
സഞ്ജു സാംസണിനെ പോലൊരു താരത്തെ നിങ്ങൾ കളിപ്പിക്കാതിരുന്നാൽ അത് വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുമെന്ന് മുൻ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെടുമ്പോൾ സഞ്ജുവിന് റായുഡുവിൻ്റെ വിധിയുണ്ടായേക്കാമെന്ന് പാക് മുൻ താരം ഡാനിഷ് കനേരിയ പറയുന്നു. തുടർച്ചയായ 10 അവസരങ്ങളെങ്കിലും സഞ്ജുവിന് നൽകണമെന്ന് മുൻ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടു. 
 
തുടരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബംഗ്ലാദേശ് പര്യടനത്തിനുൾപ്പടെ സഞ്ജുവിന് അവസരമില്ല. തുടരെ അവസരങ്ങൾ നൽകി പന്തിനെ ഫോമിലേയ്ക്കെത്തിക്കുന്ന ബിസിസിഐ സമീപനം ഫോമിലുള്ള ബാറ്റർമാരോട് ചെയ്യുന്ന അനീതിയാണെന്നും ഫോം തെളിയിക്കാൻ ഇന്ത്യൻ ടീമിലല്ല ആഭ്യന്തര ക്രിക്കറ്റിലാണ് പന്ത് കളിക്കേണ്ടതെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article