തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കുന്നത് എന്തിനാണെന്ന് ആരാധകര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. പരിമിത ഓവര്‍ ക്രിക്കറ്റിനു ചേരുന്ന രീതിയില്‍ പന്ത് ബാറ്റ് ചെയ്തിട്ട് ഏറെ നാളായി. മറുവശത്ത് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ പോലുള്ള മികച്ച താരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നു. എന്നിട്ടും റിഷഭ് പന്തിന് ടീമില്‍ അവസരം കിട്ടിക്കൊണ്ടിരിക്കുന്നു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍ എല്ലാ കളിയിലും റിഷഭ് പന്ത് ടീമില്‍ ഉണ്ടായിരുന്നു. സഞ്ജുവിന് അവസരം കിട്ടയത് ഒരു ഏകദിനത്തില്‍ മാത്രം. ന്യൂസിലന്‍ഡിനെതിരായ നാല് ഇന്നിങ്‌സുകളില്‍ നിന്ന് പന്തിന്റെ സമ്പാദ്യം വെറും 42 റണ്‍സ് മാത്രമാണ് ! ഒരു ഇന്നിങ്‌സില്‍ പോലും പന്തിന്റെ വ്യക്തിഗത സ്‌കോര്‍ 20 കടന്നിട്ടില്ല. ഇത്ര ദയനീയ പ്രകടനമായിട്ടും പന്ത് നാലാം നമ്പറില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട് എന്ന വിചിത്ര വാദമാണ് ന്യൂസിലന്‍ഡ് പരമ്പരയിലെ ഇന്ത്യന്‍ പരിശീലകന്‍ വി.വി.എസ്.ലക്ഷ്മണ്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്.
മറുവശത്ത് സഞ്ജുവിനാകട്ടെ, അവസരം കിട്ടിയത് ഒരു ഏകദിനത്തില്‍ മാത്രം. ആ കളിയില്‍ 38 പന്തില്‍ നിന്ന് 36 റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചു. ഒരു കളിയില്‍ 36 റണ്‍സെടുത്ത സഞ്ജുവിനേക്കാള്‍ എന്ത് മികവാണ് നാല് ഇന്നിങ്‌സുകളില്‍ നിന്ന് 42 റണ്‍സ് മാത്രം എടുത്ത റിഷഭ് പന്തിന് ഉള്ളതെന്നാണ് ആരാധകരുടെ സംശയം.