ഇപ്പോളല്ലെങ്കില്‍ എപ്പോള്‍?, ഒടുവില്‍ ശ്രേയസിന്റെ വില ബിസിസിഐ അറിഞ്ഞു, സെന്‍ട്രല്‍ കരാര്‍ വീണ്ടും നല്‍കാന്‍ ധാരണ

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (11:07 IST)
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറിനിന്നതിനെ തുടര്‍ന്ന് ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരുടെ കരാര്‍ പുനസ്ഥാപിക്കാനൊരുങ്ങി ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് കാഴ്ചവെയ്ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ യാത്രയില്‍ ശ്രേയസിന്റെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു.
 
യുവരാജ് സിംഗിന് ശേഷം നാലാം നമ്പറില്‍ ഒട്ടേറെ പേരെ പരീക്ഷിച്ചെങ്കിലും ആ സ്ഥാനത്ത് ശ്രേയസിനോളം മികച്ച പ്രകടനം ആര്‍ക്കും തന്നെ കാഴ്ചവെയ്ക്കാനായിട്ടില്ല. നാലാം നമ്പറില്‍ 40 ഇന്നിങ്ങ്‌സുകള്‍ ബാറ്റ് ചെയ്ത ശ്രേയസ് 52.15 ശരാശരിയില്‍ 4 സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും അടക്കം 1773 റണ്‍സാണ് നേടിയിട്ടുള്ളത്. നാലാം നമ്പറിനെ ചൊല്ലിയുള്ള ഇന്ത്യന്‍ ആശങ്കകള്‍ക്ക് ശ്രേയസ് ഉത്തരം നല്‍കിയതോടെയാണ് കരാര്‍ പുനസ്ഥാപിക്കുന്നത് ബിസിസിഐ പരിഗണിക്കുന്നത്.
 
 ഐസിസി ടൂര്‍ണമെന്റിലെ അവസാന 8 ഇന്നിങ്ങ്‌സുകളിലെ ശ്രേയസ് അയ്യരുടെ സ്‌കോറുകള്‍ 82,77,128*,105,4,15,56,79 എന്നിങ്ങനെയാണ്. ഇത് മാത്രം മതി ശ്രേയസ് എന്ന താരം ഇന്ത്യയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടവനാണെന്ന് മനസിലാക്കാന്‍. ഏകദിന ക്രിക്കറ്റില്‍ ശ്രേയസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ബിസിസിഐയുടെ നീക്കം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍