ഇന്ത്യൻ ക്രിക്കറ്റ് ടീമും ലോക ഇലവനും തമ്മിൽ മത്സരം പരിഗണനയിലെന്ന് ബിസിസിഐ

ചൊവ്വ, 12 ജൂലൈ 2022 (13:59 IST)
ലോക ഇലവനുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മത്സരം ആലോചനയിലെന്ന് ബിസിസിഐ. സ്വാതന്ത്രത്തീൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് മത്സരം നടത്താൻ ബിസിസിഐ തയ്യാറെടുക്കുന്നത്. ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കായികതാരങ്ങളെ പങ്കെടുപ്പിച്ച് നിരവധി പരിപാടികളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
 
ഓഗസ്റ്റ് 22ന് മത്സരം നടത്താൻ ബിസിസിഐയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പ്രാഥമിക ചർച്ചകൾ നടന്നുവെന്ന് വ്യക്തമാക്കിയ ബിസിസിഐ അധികൃതർ മത്സരം നടത്തുമെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളിൽ എത്രത്തോളം വിദേശതാരങ്ങളെ ലഭ്യമാകും എന്നതാണ് ബിസിസിഐയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ഇന്ത്യയ്ക്ക് ഈ സമയത്ത് സിംബവെ പര്യടനവും ഏഷ്യാകപ്പും വിൻഡീസിൽ കരീബിയൻ പ്രീമിയർ ലീഗും നടക്കുന്നുണ്ട് എന്നതാണ് ബിസിസിഐയെ വലയ്ക്കുന്നത്.
 
ഈ മാസം 22 മുതല്‍ 26 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ബിസിസിഐ പ്രതിനിധികള്‍ വിവിധ രാജ്യത്തെ ബോര്‍ഡ് മേധാവികളുമായി ചര്‍ച്ച നടത്തും. ദില്ലിയായിരിക്കും വേദി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍