ഫോമിലില്ലാത്ത താരങ്ങളെ ടീമിൽ നിന്നും പുറത്താക്കുന്നതിന് പകരം വിശ്രമം അനുവദിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്. ഫോം നഷ്ടപ്പെട്ടപ്പോൾ സൗരവ് ഗാംഗുലി,സെവാഗ്,യുവരാജ്,സഹീർ ഖാൻ,ഹർഭജൻ തുറ്റങ്ങി എല്ലാ താരങ്ങളും ടീമിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ചാണ് ഇവരെല്ലാം തിരിച്ചെത്തിയത്. വെങ്കടേഷ് പ്രസാദ് പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയുമെല്ലാം മോശം പ്രകടനം നടത്തുകയാണ്. ഇവരുടെ പേരുകൾ പരാമർശിക്കാതെയാണ് വെങ്കടേഷ് പ്രസാദിൻ്റെ വിമർശനം. ഐപിഎല്ലിലും ഇരുതാരങ്ങളും ഫോം ഔട്ടായിരുന്നു. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള വിൻഡീസ് പരമ്പരയിലെ മൂന്ന് ഏകദിനത്തിൽ നിന്നും രോഹിത്തിനും കോലിക്കും സെലക്ടർമാർ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഇതിന് ശേഷം നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത് കളിക്കുമെങ്കിലും വിരാട് കോലി വിശ്രമം ചോദിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.മുൻപ് ഫോമിലല്ലെങ്കിൽ പേരും പെരുമയും നോക്കാതെ താരങ്ങളെ പുറത്തുനിർത്തിയിരുന്നു. ഇന്ന് രീതികൾ ആകെ മാറി,ഫോമിലല്ലാത്ത താരങ്ങളെ വിശ്രമത്തിനയക്കുകയാണ് ചെയ്യുന്നത്. ഇത് മുന്നോട്ടുള്ള പാതയല്ല. ഏറെ പ്രതിഭകളുള്ള രാജ്യത്ത് പേരും പെരുമയും നോക്കി മാത്രം ആരെയും കളിപ്പിക്കരുത്. വെങ്കടേഷ് പ്രസാദ് പറഞ്ഞു.