മലയാളി താരം സഞ്ജു സാംസണിനെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഉപനായകനാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി ടി20 ഫോര്‍മാറ്റില്‍ യുവതാരങ്ങളെ അണിനിരത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഹാര്‍ദ്ദിക് പാണ്ഡ്യ നായകനാകുന്ന ടീമില്‍ സഞ്ജുവിനെ ഉപനായകനായി പരീക്ഷിക്കാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.
വെസ്റ്റിന്‍ഡീസുമായി നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലാകും പുതിയ ടീമിനെ ബിസിസിഐ പരീക്ഷിക്കുക. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകനായി ഹാര്‍ദ്ദിക്കിനെ ബിസിസിഐ ഉടനെ പ്രഖ്യാപിക്കും. നിലവില്‍ ടി20 ടീമില്‍ സ്ഥിരാംഗമല്ലെങ്കിലും കെ എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും അസ്സാന്നിധ്യത്തില്‍ വിന്‍ഡീസ് സീരീസില്‍ ഉപനായകനായി സഞ്ജുവിനെ പരീക്ഷിക്കും. ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ സഞ്ജു ടീമിലെ പ്രധാനതാരങ്ങളില്‍ ഒരാളാകും.