ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിലെ മിന്നും താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമാണ് മലയാളി താരമായ സഞ്ജു സാംസണ്‍. കഴിഞ്ഞ 2 വര്‍ഷമായി രാജസ്ഥാന്‍ നായകനായുള്ള സഞ്ജുവിന്റെ നേതൃത്വത്തില്‍ 2022ല്‍ ഐപിഎല്‍ ഫൈനലിലെത്താന്‍ രാജസ്ഥാന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാന്‍ സഞ്ജുവിനായിരുന്നില്ല. ബാറ്റിംഗില്‍ തുടക്കത്തില്‍ പുലര്‍ത്തിയ മികവ് ടൂര്‍ണമെന്റില്‍ തുടരാനും സഞ്ജുവിനായിരുന്നില്ല.
ഇപ്പോഴിതാ രാജസ്ഥാന്‍ ടീമിനെ പറ്റിയും സഞ്ജു സാംസണിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായ രാജമണി.സഞ്ജു സാംസണ് 15 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും അതില്‍ 2 കോടിയോളം സഞ്ജു ടീമിനായാണ് മുടക്കുന്നതെന്ന് രാജാമണി പറയുന്നു. തമിഴ് മാധ്യമമായ സ്‌പോര്‍ട്‌സ് വികടന്‍ നടത്തിയ അഭിമുഖത്തിലാണ് രാജമണി മനസ്സ് തുറന്നത്. സഞ്ജുവിന് ചുറ്റുമായി ഒരു ടീം ഉണ്ടാകുമെന്ന് രാജമണി പറയുന്നു. സഞ്ജുവിന്റെ മാനേജര്‍, ഭാര്യ,കുടുംബം മറ്റ് സ്റ്റാഫുകള്‍ എന്നിവരെല്ലാം തന്നെ സഞ്ജു താമസിക്കുന്ന അതേ സൗകര്യത്തോടെയാകും താമസിക്കുക.
എനിക്ക് സഞ്ജുവിനെ പരിശീലിപ്പിക്കണം എന്ന അവസ്ഥയാണെങ്കില്‍ എനിക്ക് മാത്രമല്ല എന്റെ ഭാര്യ മക്കള്‍ എന്നിവരുടെ താമസവും യാത്രയുമടക്കം എല്ലാത്തിനും കാശ് ചിലവാക്കുക സഞ്ജുവാണ്. എന്റെ അസിസ്റ്റന്റിനടക്കം എല്ലാ സൗകര്യവും സഞ്ജു ചെയ്തു തന്നിരുന്നു. ഞാന്‍ പലപ്പോഴും അവനോട് ചോദിച്ചിട്ടുണ്ട്. ഈ കിട്ടുന്ന 15 കോടി രൂപയ്ക്ക് എന്താകാനാണ്. കിട്ടുന്നതില്‍ 2 കോടിയോളം രൂപ ഞങ്ങളുടെ ടീമിനായാണ് ചെലവാക്കുന്നത്. പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനും അവന്‍ ശ്രമിക്കുന്നു. അവന്റെ നല്ല സ്വഭാവം കൊണ്ട് കൂടിയാണ് ഇന്ത്യയെങ്ങും അവന് ആരാധകരുള്ളത്. രാജമണി പറയുന്നു.