ടീമില്‍ പുതിയ കുതിരകളെ കൊണ്ടുവരണം, ചഹല്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരെയെത്തിക്കണം: രാജസ്ഥാന്റെ ഉയര്‍ച്ചയില്‍ സഞ്ജുവിന് വലിയ പങ്കുണ്ട് : രാജാമണി

ചൊവ്വ, 13 ജൂണ്‍ 2023 (14:26 IST)
ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിലെ മിന്നും താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമാണ് മലയാളി താരമായ സഞ്ജു സാംസണ്‍. കഴിഞ്ഞ 2 വര്‍ഷമായി രാജസ്ഥാന്‍ നായകനായുള്ള സഞ്ജുവിന്റെ നേതൃത്വത്തില്‍ 2022ല്‍ ഐപിഎല്‍ ഫൈനലിലെത്താന്‍ രാജസ്ഥാന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാന്‍ സഞ്ജുവിനായിരുന്നില്ല. ബാറ്റിംഗില്‍ തുടക്കത്തില്‍ പുലര്‍ത്തിയ മികവ് ടൂര്‍ണമെന്റില്‍ തുടരാനും സഞ്ജുവിനായിരുന്നില്ല.
 
ഇപ്പോഴിതാ രാജസ്ഥാന്‍ ടീമിനെ പറ്റിയും സഞ്ജു സാംസണിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായ രാജമണി. തമിഴ് മാധ്യമമായ സ്‌പോര്‍ട്‌സ് വികടന്‍ നടത്തിയ അഭിമുഖത്തിലാണ് രാജമണി മനസ്സ് തുറന്നത്. 2022 സീസണ്‍ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ സീസണായിരുന്നു. രാജസ്ഥാനൊപ്പം എന്റെ ആദ്യ സീസണായിരുന്നു അത്. മുഴുവന്‍ സമയ നായകനെന്ന നിലയില്‍ സഞ്ജുവിന്റേതും. ക്യാപ്റ്റനായി നിന്റെ ആദ്യ സീസണാണ് തകര്‍ക്കണം എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. എനിക്ക് ഒരു സഹോദരനെ പോലെയാണ് സഞ്ജു. ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. ടീമില്‍ എന്ത് നടന്നാലും അതിനെ പറ്റി അറിയണമെന്ന് സഞ്ജുവിന് നിര്‍ബന്ധമുണ്ട്. സഞ്ജു നായകനായ ആദ്യ സീസണില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ അവസാനിപ്പിച്ചത്. എന്താണ് നമ്മുടെ ടീം ഇങ്ങനെ എന്നാണ് ഞാന്‍ അവനോട് ചോദിച്ചത്. അന്ന് രാത്രിയില്‍ സ്വിമിങ് പൂളില്‍ സംസാരിച്ചിരിക്കവെ അടുത്ത 2 വര്‍ഷത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച ഐപിഎല്‍ ടീമുകളിലേക്ക് മാറാം എന്നാണ് ഞാന്‍ അവനോട് പറഞ്ഞത്.
 
അണ്ണാ.. ഏത് വലിയ ടീമിലേക്ക് വേണമെങ്കിലും നമുക്ക് രണ്ട് പേര്‍ക്കും പോകാം. പക്ഷേ അതല്ല ഈ ടീമിനെ വലിയ ടീമാക്കി മാറ്റുകയാണ് വേണ്ടതെന്നാണ് സഞ്ജു പറഞ്ഞത്. അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും അതാണ് ശരിയായ തീരുമാനമെന്ന് തോന്നി. ഈ ടീമിലെ എല്ലാവരുടെയും ഫിറ്റ്‌നസ് ഉയര്‍ത്തണം അതിന് എന്റെ സഹായം വേണമെന്ന് സഞ്ജു പറഞ്ഞു. ടീമിന് പുതിയ പടക്കുതിരകളെ വേണം. അശ്വിന്‍, ചാഹല്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരെയെല്ലാം ടീമിലെത്തിക്കണം എന്ന് സഞ്ജു പറഞ്ഞിരുന്നു. എന്റെ അറിവ് വെച്ച് അടുത്ത മഹേന്ദ്ര സിംഗ് ധോനി എന്നത് സഞ്ജുവാണ്. ടീമിനെ പറ്റി അത്രയും ഉള്‍ക്കാഴ്ചയാണ് സഞ്ജുവിനുള്ളത്. രാജാമണി പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍