പൂനെ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ബോളിംഗിന് മുന്നില്‍ ആദ്യ ഇന്നിഗ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 40.1 ഓവറില്‍ 105 റണ്‍സിനാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ വീണത്. വിരാട് കോഹ്‌ലിയടസ്ക്കമുള്ള (0) സൂപ്പര്‍ താരങ്ങള്‍ അതിവേഗം കൂടാരം കയറിയപ്പോള്‍ ഓപ്പണര്‍ കെഎൽ രാഹുല്‍ (64) മാത്രമാണ് മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്.
94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനെയിൽ ദൃശ്യമായത്.
ഒമ്പതിന് 256 റൺസെന്ന നിലയിൽ ബാറ്റിങ്ങ് തുടർന്ന ഓസീസിന് നാല് റൺസ് മാത്രമാണ് രണ്ടാം ദിവസം കൂട്ടിച്ചേർക്കാനായത്. വന ടോട്ടല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ കോഹ്‌ലിയും സംഘവും ഡ്രസിംഗ് റൂമിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.
മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. മുരളി വിജയ് (10), ചെതേശ്വര്‍ പൂജാര (6), അജിങ്ക്യ രഹാനെ (13), ആര്‍ അശ്വിന്‍ (1), വൃദ്ധിമാന്‍ സാഹ (0), രവീന്ദ്ര ജഡേജ (2), ജയന്ത് യാദവ് (2), ഉമേഷ് യാദവ് (4), ഇഷാന്ത് ശര്‍മ്മ (2) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ആറ് വിക്കറ്റ് വീഴ്‌ത്തിയ ഒക്കീഫിയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.