ഫൈനല്‍ വാറില്‍ ഓസീസിന്റെ വിജയഭേരി; കിവീസിന്റെ ചിറകരിഞ്ഞ് കംഗാരുപ്പടയ്ക്ക് ആദ്യ ടി 20 കിരീടം

Webdunia
ഞായര്‍, 14 നവം‌ബര്‍ 2021 (22:47 IST)
ഐസിസി ഏകദിന ലോകകപ്പിലെ രാജാക്കന്‍മാര്‍ ഒടുവില്‍ ടി 20 ലോകകപ്പിലും മുത്തമിട്ടു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ടി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കംഗാരുപ്പട ആദ്യ ടി 20 ലോകകപ്പ് നേടിയത്.
 
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഓസ്‌ട്രേലിയ നേടിയത്. മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറുമാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസ ജയം നേടികൊടുത്തത്. മാര്‍ഷ് 50 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാര്‍ണര്‍ നാല് ഫോറും മൂന്ന് സിക്‌സുമായി 38 പന്തില്‍ 53 റണ്‍സ് നേടി പുറത്തായി. ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. 
 
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് പതുക്കെയാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചതെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്റെ ശൈലി മാറ്റിയതോടെ കാര്യങ്ങള്‍ എളുപ്പമായി. 
 
അക്ഷരാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് എതിരാളികളെ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു കിവീസ് നായകന്‍. 48 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്സും സഹിതം 85 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കണക്കിനു പ്രഹരിച്ച വില്യംസണ്‍ എല്ലാ അര്‍ത്ഥത്തിലും നായകന്റെ ഇന്നിങ്സ് ആണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിച്ചത്. എന്നാല്‍, മാര്‍ഷും വാര്‍ണറും ചേര്‍ന്ന് അതിനു പകരംവീട്ടി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 28 റണ്‍സും ഗ്ലെന്‍ ഫിലിപ്പ്സ് 18 റണ്‍സും നേടി. 
 
ഓസീസിനായി ജോഷ് ഹെസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article