IPL 2025 Play Offs: പ്ലേ ഓഫില്‍ എത്താന്‍ സാധ്യതയുള്ള നാല് ടീമുകള്‍

രേണുക വേണു

ബുധന്‍, 30 ഏപ്രില്‍ 2025 (09:47 IST)
IPL 2025 Play Offs: ഈ വര്‍ഷത്തെ ഐപിഎല്‍ പ്ലേ ഓഫില്‍ എത്താന്‍ സാധ്യതയുള്ള നാല് ടീമുകള്‍ ഏതൊക്കെയാണ്? എല്ലാ ടീമുകളും ഇതിനോടകം ഒന്‍പത് കളികള്‍ പൂര്‍ത്തിയാക്കി. ചില ടീമുകള്‍ പത്ത് മത്സരങ്ങള്‍ കളിച്ചു. നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ പ്ലേ ഓഫില്‍ എത്താന്‍ സാധ്യതയുള്ള ടീമുകള്‍ താഴെ പറയുന്നവയാണ്: 
 
പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് ജയത്തോടെ 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആര്‍സിബി. ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം ലഭിച്ചാല്‍ 16 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കും. താരതമ്യേന ദുര്‍ബലരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകള്‍ക്കെതിരെ ആര്‍സിബിക്കു മത്സരമുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കെതിരെയും ആര്‍സിബി കളിക്കും. നാലില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ ആയി ആര്‍സിബിക്ക് ഫിനിഷ് ചെയ്യാം. 
 
ഒന്‍പത് കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേ ഓഫില്‍ അനായാസം പ്രവേശിക്കാം. ശേഷിക്കുന്ന അഞ്ച് കളികളില്‍ രണ്ട് ജയം മതി 16 പോയിന്റാകാന്‍. അഞ്ചില്‍ നാലിലും ജയിച്ചാല്‍ 20 പോയിന്റോടെ ആദ്യ രണ്ടില്‍ ഫിനിഷ് ചെയ്യാം. 
 
മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ മൂന്ന് ടീമുകളില്‍ നിന്ന് രണ്ട് ടീമുകള്‍ ഉറപ്പായും പ്ലേ ഓഫില്‍ എത്താനാണ് സാധ്യത. ഇതില്‍ ഏറ്റവും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് ഉള്ള ടീം മുംബൈ ഇന്ത്യന്‍സാണ്. ശേഷിക്കുന്ന നാല് കളികളില്‍ രണ്ട് ജയം മതി അവര്‍ക്ക് 16 പോയിന്റിലേക്ക് എത്താന്‍.
 
വെബ് ദുനിയ മലയാളത്തിന്റെ പ്ലേ ഓഫ് പ്രവചനം: 
 
1. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 
 
2. മുംബൈ ഇന്ത്യന്‍സ് 
 
3. ഡല്‍ഹി ക്യാപിറ്റല്‍സ് 
 
4. ഗുജറാത്ത് ടൈറ്റന്‍സ് 

ക്വാളിഫയര്‍ ഒന്ന് കളിക്കാന്‍ സാധ്യതയുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടാനാണ് സാധ്യത. എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെ പരാജയപ്പെടുത്തി ക്വാളിഫയര്‍ രണ്ടിലേക്ക് എത്തിയേക്കും. എന്നാല്‍ ക്വാളിഫയര്‍ രണ്ടില്‍ മുംബൈയോ ബെംഗളൂരുവോ ഡല്‍ഹിയെ തോല്‍പ്പിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍