Sri Lanka vs Pakistan: ഏഷ്യാ കപ്പില്‍ മുത്തമിട്ട് ശ്രീലങ്ക. ഫൈനലില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ നേട്ടം. ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പില്‍ മുത്തമിടുന്നത്.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന്റെ ഇന്നിങ്‌സ് 147 ല്‍ അവസാനിച്ചു. പാക്ക് നിരയില്‍ മുഹമ്മദ് റിസ്വാന്‍ (49 പന്തില്‍ 55), ഇഫ്ത്തിക്കര്‍ അഹമ്മദ് (31 പന്തില്‍ 32) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഏഴ് പാക്കിസ്ഥാന്‍ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
ഒരു സമയത്ത് പാക്കിസ്ഥാന്‍ ജയം ഉറപ്പിച്ച് മുന്നോട്ടു പോയതാണ്. 15 ഓവറില്‍ പാക്കിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 100 കടന്നതാണ്. എന്നാല്‍ വനിന്ദു ഹസരംഗ എറിഞ്ഞ 17-ാം ഓവര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആ ഓവറില്‍ മൂന്ന് വിക്കറ്റാണ് ഹസരംഗ വീഴ്ത്തിയത്. പിന്നീട് കളിയിലേക്ക് തിരിച്ചെത്താന്‍ പാക്കിസ്ഥാന് സാധിച്ചില്ല. പ്രമോദ് മധുഷാന്‍ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം തിരിച്ചടികളോടെയായിരുന്നു. 58 റണ്‍സില്‍ ലങ്കയുടെ അഞ്ച് വിക്കറ്റ് നഷ്ടമായി. പിന്നീട് ബനുക രജപക്‌സെയുടെ ഒറ്റയാള്‍ പ്രകടനമാണ് ലങ്കയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. രജപക്‌സെ 45 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 71 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹസരംഗ 21 പന്തില്‍ 36 റണ്‍സ് നേടി രജപക്‌സയ്ക്ക് പിന്തുണ നല്‍കി. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.