Asia Cup 2023, Pakistan vs Nepal Match Result: ജയത്തോടെ തുടങ്ങി പാക്കിസ്ഥാന്‍, പകച്ചുനിന്ന് നേപ്പാള്‍
Asia Cup 2023, Pakistan vs Nepal Match Result: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം. നേപ്പാളിനെ 238 റണ്‍സിന് തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് യാത്ര ആരംഭിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ ഇന്നിങ്‌സ് 23.4 ഓവറില്‍ 104 ന് അവസാനിച്ചു. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആരിഫ് ഷെയ്ഖ് (38 പന്തില്‍ 26), സോംപാല്‍ കമി (46 പന്തില്‍ 28) എന്നിവര്‍ മാത്രമാണ് നേപ്പാളിന് വേണ്ടി നേരിയ ചെറുത്തുനില്‍പ്പിന് ശ്രമിച്ചത്. നേപ്പാളിന്റെ ഏഴ് താരങ്ങള്‍ ഒറ്റയക്കത്തിനു പുറത്തായി. 6.4 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നര്‍ ഷദാബ് ഖാന്‍ ആണ് നേപ്പാളിന്റെ തകര്‍ച്ച പൂര്‍ണമാക്കിയത്. ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നസീം ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നായകന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും സെഞ്ചുറികളാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബാബര്‍ 131 പന്തില്‍ 14 ഫോറും നാല് സിക്‌സും സഹിതം 151 റണ്‍സ് നേടി. ഇഫ്തിഖര്‍ അഹമ്മദ് വെറും 71 പന്തില്‍ 11 ഫോറും നാല് സിക്‌സും സഹിതം 109 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്വാന്‍ 44 റണ്‍സെടുത്തു.