700 വിക്കറ്റ് നേട്ടവും കഴിഞ്ഞ് അശ്വമേധം, ഇന്ത്യൻ കളിക്കാരിലെ എലൈറ്റ് പട്ടികയിൽ താരം

വ്യാഴം, 13 ജൂലൈ 2023 (13:22 IST)
വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോര്‍ഡുകള്‍ വാരികൂട്ടി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. മത്സരത്തില്‍ വിന്‍ഡീസ് ഓപ്പണറും മുന്‍ താരം ശിവ്‌നാരെയ്ന്‍ ചന്ദര്‍പോളിന്റെ മകനുമായ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ പുറത്താക്കിയാണ് അശ്വിന്‍ തന്റെ അശ്വമേധത്തിന് തുടക്കമിട്ടത്. മകന്റെയും അച്ഛന്റെയും വിക്കറ്റുകള്‍ സ്വന്തമാക്കുന്ന അപൂര്‍വ്വ നേട്ടം കൂടി വിക്കറ്റിലൂടെ അശ്വിന്‍ സ്വന്തമാക്കി.
 
ടാഗ് നരെയ്‌നെ ബൗള്‍ഡാക്കിയതോടെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ എതിര്‍ ബാറ്ററെ ബൗള്‍ഡാക്കിയ ബൗളറെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. 95 തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ എതിര്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയിട്ടുള്ളത്. അതേസമയം അഞ്ച് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റില്‍ 33 തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കി. അഞ്ച് വിക്കറ്റ് സ്വന്തമാക്കാനായതോടെ അന്താരാഷ്ട്ര കരിയറില്‍ 700 വിക്കറ്റ് നേട്ടവും അശ്വിന്‍ തന്റെ പേരിലാക്കി. ടെസ്റ്റില്‍ 479 വിക്കറ്റും ഏകദിനത്തില്‍ 151 വിക്കറ്റും ടി20 ക്രിക്കറ്റില്‍ 72 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍. 702 വിക്കറ്റുള്ള അശ്വിന്റെ മുന്നില്‍ 711 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിംഗും 956 വിക്കറ്റുമായി അനില്‍ കുംബ്ലെയുമാണ് ലിസ്റ്റില്‍ മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍