ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഇന്ത്യയുടെ അടുത്തലക്ഷ്യം 2027ലെ ഏകദിന ലോകകപ്പാണെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊടുവില്‍ ലോകകപ്പിനായുള്ള കൃത്യമായ രൂപരേഖ മാനേജ്‌മെന്റ് തയ്യാറാക്കുമെന്ന് ഗംഭീര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി 25-30 ഏകദിന മത്സരങ്ങളാകും ഇന്ത്യ കളിക്കുക.
ഐപിഎല്‍ സീസണില്‍ താരങ്ങള്‍ നടത്തുന്ന പ്രകടനം ഏകദിന ടീമിന്റെ തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കി. ലീഗിലെ പ്രകടനം വിലയിരുത്തിയാണ് വിവിധ കോമ്പിനേഷനുകള്‍ പരിശോധിക്കുകയും മികച്ച ടീമിനെ കണ്ടെത്തുകയും ചെയ്യുക. പരിശീലകരും സെലക്ടര്‍മാരും ചേര്‍ന്നാണ് അന്തിമ തീരുമാനം എടുക്കുക. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളിലെ വേഗതയും ബൗണ്‍സുമുള്ള പിച്ചുകളെ പരിഗണിച്ച് ആ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു.
ജൂണ്‍ 14ന് അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കുക. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പ്രകടനങ്ങളാകും പരമ്പരയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ചില മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട രോഹിത് ടീമില്‍ തിരിച്ചെത്താനുള്ള ശക്തമായ തയ്യാറെടുപ്പിലാണ്. ഇതിനിടെ ടി20 ലോകകപ്പില്‍ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം കൂടി കാഴ്ചവെച്ചാല്‍ സഞ്ജു ഏകദിന ടീമിലെത്താന്‍ സാധ്യതയേറെയാണ്.