ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളായ അലിസ്‌റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയും ഇന്ത്യന്‍ താരങ്ങള്‍ ഭയക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ. ഇംഗ്ലീഷ് ടീമിനെ വില കുറച്ച് കാണരുത്. മിടുക്കുള്ള നിരവധി താരങ്ങള്‍ ഉള്ള കുക്കിന്റെ ടീമിനെ വിലകുറച്ചുകണ്ടാല്‍ തിരിച്ചടിയായിരിക്കും ഫലമെന്നും കുംബ്ലെ പറഞ്ഞു.
ഇംഗ്ലണ്ട് ടീമില്‍ കുക്കിനെയും ജോ റൂട്ടിനെയും കൂടാതെ നിരവധി താരങ്ങളുണ്ട്. പരിശീലകനെന്ന നിലയില്‍ തന്റെ കീഴില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നാലും ന്യൂസിലന്‍ഡിനെതിരെ മൂന്നും ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചത്. ഓരോ മത്സരം കഴിയുംതോറും ടീം ഏറെ മെച്ചപ്പെടുന്നുണ്ടെന്നും കുംബ്ലെ പറഞ്ഞു.
അതേസമയം, ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയും എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് കുക്ക്. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ അശ്വിനെ എങ്ങനെ നേരിടാന്‍ സാധിക്കുമെന്നതാണ് ഇംഗ്ലണ്ട് ടീമിനെ വലയ്‌ക്കുന്നത്. ജഡേജയെ കൈകാര്യം ചെയ്യാമെങ്കിലും അശ്വിന്റെ പന്തുകള്‍ നാശം വിതയ്‌ക്കുമെന്ന് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തുടര്‍ച്ചയായി ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമിനെ കീഴ്‌പ്പെടുത്തുക ബുദ്ധിമുട്ടാണെന്നാണ് കുക്ക് അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങളുമായി പരിചിതമായ സ്വന്തം മണ്ണിൽ ലോക ഒന്നാം നമ്പർ ടീമിനെതിരെ കളിക്കുമ്പോൾ തീർച്ചയായും വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറെയൊന്നും കളിച്ചിട്ടില്ലാത്ത താരങ്ങൾക്കു ശരിക്കും വെല്ലുവിളി തന്നെയാണെന്നാണ് ഇംഗ്ലീഷ് നായകന്റെ അഭിപ്രായം.