രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം അഭിഷേക് ശര്‍മ. സിംബാബ്വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ അഭിഷേക് രണ്ടാം മത്സരത്തിലേക്ക് എത്തിയപ്പോള്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് കളിയിലെ താരം ആയി. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് അഭിഷേക് ഇന്നലെ കളിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം അണ്ടര്‍-12 കളിക്കുമ്പോള്‍ മുതലുള്ളതാണ്.
' ഞങ്ങള്‍ അണ്ടര്‍ 12 മുതല്‍ ഒന്നിച്ച് കളിക്കുന്നവരാണ്. രാജ്യത്തിനായി കളിക്കാന്‍ ഞാന്‍ സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച ഫോണ്‍ കോള്‍ ഗില്ലിന്റേതാണ്. ഞാന്‍ ഇന്ന് കളിച്ചത് ഗില്ലിന്റെ ബാറ്റ് കൊണ്ടാണ്. അണ്ടര്‍ 12 മുതലേ ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റ് ഉപയോഗിക്കാറുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളിലെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ ബാറ്റ് ചോദിക്കും. ഐപിഎല്ലിലും ഞാന്‍ ഗില്ലിന്റെ ബാറ്റ് കൊണ്ട് കളിച്ചിട്ടുണ്ട്,' അഭിഷേക് ശര്‍മ പറഞ്ഞു.
ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മയുടേത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മയെ പോലൊരു വെടിക്കെട്ട് ബാറ്റര്‍ പടിയിറങ്ങിയപ്പോള്‍ സമാന രീതിയില്‍ കളിക്കുന്ന മറ്റൊരു ശര്‍മയെ ഇന്ത്യക്ക് ലഭിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.