അഞ്ചാമതോ ആറാമതോ ഇറങ്ങിയാല്‍ ഇഷാന്റെ അവസ്ഥയും ഇത് തന്നെയാകും, സഞ്ജു തിളങ്ങാത്തതിന് കാരണം വ്യക്തമാക്കി മുന്‍താരം

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (17:31 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാനാവത്തതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് മലയാളി താരം സഞ്ജു സാംസണ്‍ ഏറ്റുവാങ്ങുന്നത്. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന താരത്തിന് തുടരെ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത് മുതലെടുക്കാന്‍ കഴിയുന്നില്ലെന്ന് ആരാധകര്‍ പറയുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയിരുന്നെങ്കില്‍ ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിലേക്കുള്ള പ്രധാനതാരങ്ങളില്‍ ഒരാളായി സഞ്ജുവിന് മാറാമായിരുന്നു. എന്നാല്‍ പരമ്പരയിലെ എല്ലാ മത്സരത്തിലും ടീമില്‍ ഇടം നേടിയിട്ടും അവസരം മുതലാക്കാന്‍ സഞ്ജുവിനായില്ല.
 
എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ട് വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജുവിന് തിളങ്ങാനായില്ല എന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. സഞ്ജുവിന്റെയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും കരിയര്‍ ഏകദേശം ഒരുപോലെയാണെന്ന് ആകാശ് ചോപ്ര പറയുന്നു. നല്ല പ്രതിഭയുള്ള താരമാണെന്ന് പേരു വാങ്ങിയിരുന്നെങ്കിലും മധ്യനിരയില്‍ കളിക്കുമ്പോള്‍ രോഹിത്തിന് ഇന്ത്യയ്ക്കായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ടോപ് ഓര്‍ഡറിലേക്ക് രോഹിത്തിനെ മാറ്റിയപ്പോഴാണ് കാര്യങ്ങള്‍ മാറിയത്. അതുപോലെ തന്നെ ടോപ് ഓര്‍ഡറില്‍ കളിക്കേണ്ട താരമാണ് സഞ്ജു.
 
ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ഒരു ബാറ്ററെ അഞ്ചാമനോ ആറാമനോ ആക്കി ഇറക്കിയാല്‍ അയാള്‍ പാടുപ്പെടും. ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിച്ചു നോക്കു. അവന്‍ പാട് പെടും. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയാല്‍ മാത്രമെ അവന്റെ മികച്ച പ്രകടനം നമുക്ക് കാണാനാകു. ഫോര്‍മാറ്റ് ഏതാണെങ്കിലും അവന്റെ പ്രതിഭയോട് നീതി പുലര്‍ത്തണമെങ്കില്‍ അവനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കണം. രോഹിത്തിന്റെ കാര്യവും ഇങ്ങനെയായിരുന്നു. അവനെ ടോപ് ഓര്‍ഡറിലേക്ക് മാറ്റിയതിന് ശേഷമാണ് രോഹിത് തന്റെ പ്രതിഭയെന്താണെന്നത് ലോകത്തിന് കാണിച്ചുകൊടുത്തത്. ആകാശ് ചോപ്ര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article