ഓസ്ട്രേലിയന്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

ശനി, 28 മാര്‍ച്ച് 2015 (08:43 IST)
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു. നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ആയിരിക്കും ക്ലാര്‍ക്കിന്റെ അവസാന ഏകദിന മത്സരം. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും ഓസീസ് നായകന്‍ പറഞ്ഞു. ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ ക്ലാര്‍ക് കളിച്ചിരുന്നില്ല.
 
ഇന്ത്യയുമായുള്ള കളി കഴിഞ്ഞ മുറിയില്‍ എത്തിയപ്പോഴാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും ആദ്യം ഭാര്യയോടും ഓസ്ടേലിയന്‍ ക്രിക്കറ്റ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പിന്നീടാണ് സഹകളിക്കാരോട് ഇക്കാര്യം പറഞ്ഞത്. പല സഹകളിക്കാരും ക്യാപ്‌റ്റന്റെ അപ്രതീക്ഷിതമായ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
 
1981 ഏപ്രില്‍ രണ്ടിന് ജനിച്ച മൈക്കല്‍ ക്ലാര്‍ക്ക് നിലവില്‍ ഓസ്ട്രേലിയന്‍ ദേശീയ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ ആണ്. വലംകൈ ബാറ്റ്സ്മാനും പാര്‍ട്ട് ടൈം ഇടംകൈ സ്പിന്നറുമാണ് ക്ലാര്‍ക്ക്. പ്രാദേശിക തലത്തില്‍ ന്യൂ സൗത്ത് വെയില്‍സിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
 
ഏകദിനത്തിലും ടെസ്റ്റിലും കൂടൂതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി 2011 ജനുവരിയില്‍ അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി ട്വന്റി-20യില്‍ നിന്ന് ഒഴിഞ്ഞു. 2012 നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ, ഒരു കലണ്ടര്‍ വര്‍ഷം നാല് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ കളിക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനായി.

വെബ്ദുനിയ വായിക്കുക