ശ്രീശാന്ത്, ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന നാലാമത്തെ ഇന്ത്യന്‍ താരം

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (18:35 IST)
PRO
PRO
ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീശാന്ത്. അജയ് ശര്‍മ്മ, ടിപി സുധീന്ദ്ര, മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് മുമ്പ് ആജീവനാന്ത വിലക്ക് നേരിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഇവരെ കൂടാതെ പാകിസ്ഥാന്‍ താരങ്ങളായ സലിം മാലിക്, അതാഉര്‍ റഹ്മാന്‍, ഡാനിഷ് കനേരിയ, ഹാന്‍സി ക്രോണ്യ (ദക്ഷിണാഫ്രിക്ക) എന്നിവരടക്കം ഇതുവരെ എട്ട്‌ താരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് നേരിട്ടത്. അജയ് ജഡേജ, ശലഭ് ശ്രീവാസ്തവ, മനോജദ് പ്രഭാകര്‍, (അഞ്ച് വര്‍ഷം വീതം) മോഹ്നിസ് മിശ്ര, അമിത് യാദവ്, അഭിനവ് ബാലി (ഒരു വര്‍ഷം വീതം) എന്നിവരാണ് ഒത്തുകളിയുടെ പേരില്‍ വിലക്കപ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഏറെ വിവാദങ്ങള്‍ക്ക് ശേഷം 2000ലാണ് അസ്ഹറുദ്ദീനും ജഡേജയും വിലക്ക് നേരിട്ടത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഹാന്‍സി ക്രോണ്യയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇരുവരെയും വിലക്കിയത്.എന്നാല്‍ 2003ല്‍ ഡല്‍ഹി കോടതി ജഡേജയുടെയും 2012ല്‍ ആന്ധ്രാ കോടതി അസ്ഹറുദ്ദീന്റെയും വിലക്കുകള്‍ നീക്കി. കോണ്‍ഗ്രസ് എംപിയായി രാഷ്ട്രീയ ജീവിതം നയിക്കുകയാണ് അസ്ഹറുദ്ദീന്‍ ഇപ്പോള്‍. ദക്ഷിണാഫ്രിക്കയുട ഹെര്‍ഷലെ ഗിബ്‌സാണ് കോഴയുടെ പേരില്‍ വിലക്ക് നേരിട്ട മറ്റ് പ്രധാന താരം. ആറു മാസത്തേക്കാണ് ഗിബ്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയത്. നാഗ്പുര്‍ ഏകദിനത്തില്‍ ഉഴപ്പിക്കളിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും 53 പന്തില്‍ നിന്നും മികച്ച പ്രകടനത്തോടെ ഗിബ്‌സ് 74 റണ്ണെടുത്തു.