റെക്കോര്‍ഡ് തേടി ഇന്ത്യ ഇറങ്ങുന്നു

Webdunia
വ്യാഴം, 5 ഫെബ്രുവരി 2009 (09:44 IST)
പരമ്പര വിജയം നല്‍കിയ ലഹരിയിലാണെങ്കിലും ധോനിയുടെ കുട്ടികള്‍ അലസത കാട്ടില്ല, ഇന്ന് ഒമ്പതാം ജയമാണ് ഇവരുടെ ലക്‍ഷ്യം.

ഇന്ത്യയും ശ്രീലങ്കയും ഇന്ന് നാലാം ഏകദിനത്തില്‍ ഏറ്റുമുട്ടും. കൊളംബോയില്‍ ഇന്നുച്ചയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയമാവര്‍ത്തിക്കാനായാല്‍ അത് ഒരു റെക്കൊര്‍ഡിലേക്ക് വഴി തുറക്കും- തുടര്‍ച്ചയായ ഒമ്പത് മത്സര വിജയത്തിന്‍റെ ചരിത്രത്തിലേക്ക്.

മൂന്നാം മത്സരം ജയിച്ചതോടെ അഞ്ച് മത്സരങ്ങളുടെ ശ്രീലങ്കന്‍ പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. സേവാഗും യുവരാജും ഉജ്ജ്വല സെഞ്ച്വറികളിലൂടെ ഇന്ത്യന്‍ ഇന്നിംഗ്സിന് ശക്തമായ അടിത്തറ നല്‍കിയ പ്രകടനമായിരുന്നു കഴിഞ്ഞത്.

പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും വലിയ ഏകദിന സ്കോറായ 363 എന്ന വലിയ ലക്‍ഷ്യം ശ്രീലങ്കയ്ക്ക് മുന്നില്‍ വയ്ക്കാ‍നായതും ഇന്ത്യന്‍ ടീമിന്‍റെ ശക്തി വെളിവാക്കുന്നു.

വിജയം ശീലമായതിനാല്‍ അലസത കാട്ടരുത് എന്ന് ഇന്ത്യന്‍ നായകന്‍ ധോനി ടീമംഗങ്ങളോട് പറഞ്ഞു കഴിഞ്ഞു. നാലാം ഏകദിനത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്ന് ധോനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ, ഓസീസും ദക്ഷിണാഫ്രിക്കയും നടത്തുന്ന പ്രഫഷണല്‍ സമീപനം തന്നെയാണ് ഇന്ത്യയ്ക്കെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇന്ത്യന്‍ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ പരമ്പരയില്‍ കഴിഞ്ഞ എല്ലാ മത്സരത്തിലും തെറ്റായ അമ്പയറിംഗ് വിധിയിലൂടെ പുറത്തായത് ഇന്ത്യന്‍ ടീമിന് ഒട്ടൊരു നിരാശയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, നാലാം മത്സരത്തില്‍ നിരാശയുടെ മൂടുപടം കുടഞ്ഞുകളഞ്ഞ് സച്ചിന്‍ തന്‍റെ പതിവ് ബാറ്റിംഗ് മാന്ത്രികത വെളിവാക്കുമെന്നാണ് പ്രതീക്ഷ.