സര്‍വീസസിനെതിരെയുള്ള രഞ്ജിട്രോഫി സെമിഫൈനല്‍ വേദി മുംബൈയിലേക്ക് മാറ്റണമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആവശ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തള്ളിക്കളഞ്ഞു. ജനവരി 16 മുതല്‍ 20 വരെ നടക്കുന്ന മത്സരത്തിന്റെ വേദി ന്യൂഡല്‍ഹിയിലെ പാലം ക്രിക്കറ്റ് ഗ്രൗണ്ടായിരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
സെമിഫൈനല്‍വേദികള്‍ നിശ്ചയിക്കുന്നതിന് ഏതാനും മണിക്കൂര്‍മുമ്പാണ് സച്ചിന്‍ ഇത്തരമൊരു ആവശ്യമുന്നയിച്ചത്. എന്നാല്‍, ടൂര്‍ണമെന്റിന്റെ നിയമാവലി അതനുവദിക്കുന്നില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഹോം ആന്‍ഡ് എവേ ക്രമത്തിലാണ് നിശ്ചയിക്കുന്നത്. അതനുസരിച്ച് മുംബൈ-സര്‍വീസസ് മത്സരങ്ങളില്‍ ഇത്തവണത്തേതിന് ആതിഥ്യംവഹിക്കാനുള്ള അവകാശം സര്‍വീസസിനാണ്.
വ്യോമസേനയുടെ കീഴിലാണ് പാലം ക്രിക്കറ്റ് ഗ്രൗണ്ട്. സൗരാഷ്ട്രയും പഞ്ചാബുമായാണ് രണ്ടാം സെമിഫൈനല്‍.