യുവരാജിനെ ക്രൂശിക്കരുതെന്ന് പീറ്റേഴ്സണ്‍

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (14:58 IST)
PRO
PRO
ലോകകപ്പിലെ മോശം ബാറ്റിംഗിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട യുവരാജ്‌ സിംഗിന് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട്‌ ടീം നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തി‍. യുവി വിമര്‍ശനം അര്‍ഹിക്കുന്നില്ലെന്നും എക്കാലവും അദ്ദേഹത്തിന് മികച്ചു നില്‍ക്കാനാവില്ലന്നും കെവിന്‍ പീറ്റേഴ്സണ്‍ അഭിപ്രായപെട്ടു.

ഇവിടുത്തെ പത്രങ്ങളില്‍ വന്നത്‌ വായിച്ചില്ലെന്നും ട്വിറ്ററില്‍ കണ്ടതിന്റെ അനുഭവത്തിലാണ് താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ്‌ കളിച്ചിട്ടില്ലാത്തവര്‍ പോലും കളിയെകുറിച്ച് ആധികാരികമായി പറയുന്നതു താന്‍ പല തവണ കേട്ടിട്ടുണ്ട്‌. വിമര്‍ശനമാണ്‌ ഏറ്റവും എളുപ്പമുള്ള പണിയെന്നും പീറ്റേഴ്സണ്‍ കുറ്റപ്പെടുത്തി.

രാജ്യാന്തര രംഗത്തു സജീവമല്ലാത്തപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച്‌ എന്തും പറയാമെന്നായിരുന്നു പീറ്റേഴ്സന്റെ പ്രതികരണം. ലോകകപ്പിലെ മോശം ബാറ്റിംഗിന്റെ പേരില്‍ യുവി ധാരാളം പഴി കേട്ടിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ രവി ശാസ്‌ത്രിയും ശ്രീകാന്തും യുവരാജിന്റെ ബാറ്റിംഗിനെ കടുത്ത തോതില്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ യുവിക്ക് പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ ധോണിയും, സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്ത് എത്തിയിരുന്നു. യുവരാജിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് കളത്തിന് പുറത്തും എന്നും കാണിച്ചിട്ടുണ്ട്. ഉടന്‍ കൂടുതല്‍ കരുത്തോടെ യുവി തിരിച്ചെത്തുമെന്നും സച്ചിന്‍ പറഞ്ഞിരുന്നു.