മൂന്ന് ഓപ്പണര്‍മാര്‍ ടീമിലുണ്ടാകണം: ഗവാസ്കര്‍

Webdunia
വെള്ളി, 29 ജൂലൈ 2011 (18:19 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ക്ക് സുനില്‍ ഗവാസ്കറിന്റെ വിമര്‍ശനം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ റിസേര്‍വ് ഓപ്പണറെ ഉള്‍പ്പെടുത്താത്തതിനാലാണ് മുന്‍ നായകന്‍ ഗവാസ്കര്‍ സെലക്ടര്‍മാരെ വിമര്‍ശിച്ചിരിക്കുന്നത്.

ലോര്‍ഡ്സില്‍ ഗംഭീറിന് പരുക്കേറ്റതിനെ തുടര്‍ന്ന് ദ്രാവിഡായിരുന്നു അഭിനവ് മുകുന്ദിനൊപ്പം രണ്ടാം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇന്ന് തുടങ്ങിയ രണ്ടാം ഇന്നിംഗ്സിലും ദ്രാവിഡാണ് ഓപ്പണറുടെ റോളിലുള്ളത്. വിരേന്ദ്ര സെവാഗ് ടീമിലുണ്ടെങ്കിലും പരുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ആദ്യ രണ്ട് ടെസ്റ്റുകളിള്‍ കളിക്കാനാകില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവാസ്കറുടെ വിമര്‍ശനം.

ശ്രീലങ്കന്‍ പര്യടനമാണെങ്കില്‍ രണ്ട് ഓപ്പണര്‍ മതിയാകും. അവിടെ വേണമെങ്കില്‍ ഒരാള്‍ക്ക് പകരം മറ്റൊരാളെ ആ ജോലി ഏല്‍പ്പിക്കാനാകും. എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്ട്രെലിയയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിതി അതല്ല. തീര്‍ച്ചയായും മൂന്ന് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍ ടീമിലുണ്ടായിരിക്കണം. ഇവിടെ പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ക്ക് പരുക്കേറ്റാല്‍ മറ്റ് രണ്ട് പേര്‍ക്ക് ഓപ്പണിംഗ് ജോലി നിര്‍വഹിക്കാനാകുന്ന തരത്തിലാ‍കണം ടീം തെരഞ്ഞെടുപ്പ്. മൂന്നാമതിറങ്ങുന്ന ഒരാള്‍ ഓപ്പണറുടെ റോളിലെത്തുന്നതും സ്ഥിരം ഒരാള്‍ ആ ജോലി ചെയ്യുന്നതും വ്യത്യസ്തമാണ്. - ഗവാസ്കര്‍ പറഞ്ഞു.