ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മുപ്പത് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.
ടോസ് നേടിയ ലങ്ക പാകിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ലങ്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ പാക് ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തിലന്‍ തുഷാരയും മുത്തയ്യ മുരളീധരനുമാണ് പാകിസ്താന്‍ ബാറ്റിംഗിന്‍റെ നടുവൊടിച്ചത്.
ഓപ്പണര്‍ നസീര്‍ ജംഷദ് ആദ്യപന്തില്‍ തന്നെ പുറത്തായി. കുലശേഖരയുടെ പന്തില്‍ ജംഷദിനെ, ജയവര്‍ധനെ പിടികൂടി പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. 73 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് യൂനിസും മടങ്ങി.
ഷോയിബ് മാലിക്കിനും റണ്‍സൊന്നും എടുക്കാനായില്ല. നാല് പന്തുകള്‍ നേരിട്ട മാലിക്കിനെ തുഷാര വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
കമ്രാന്‍ അക്മല്‍ (19 പന്തില്‍ നിന്ന് 13) ഉമര്‍ അക്മല്‍ (28 പന്തില്‍ നിന്ന് 18) ഫവാദ് ആലം (24 പന്തില്‍ നിന്ന് 10) ഷാഹിദ് അഫ്രീദി (9 പന്തില്‍ നിന്ന് 7) എന്നിവരും നിരാശപ്പെടുത്തി. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കായിരുന്നു വിജയം.