പാകിസ്ഥാന് ആദ്യവിക്കറ്റ് നഷ്ടമായി

Webdunia
ഞായര്‍, 22 ഫെബ്രുവരി 2009 (18:36 IST)
ശ്രീലങ്കയുടെ കൂറ്റന്‍ സ്കോറായ 644 റണ്‍സ് പിന്തുടെര്‍ന്നിറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത സല്‍മാന്‍ ഭട്ടാണ് പുറത്തായത്. രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എടുത്തിട്ടുണ്ട്.

നേരത്തെ പാകിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറികളുടെ മികവിലാണ് ലങ്ക ഏഴ്വിക്കറ്റ് നഷ്ടത്തില്‍ 644 റണ്‍സിന് ഒന്നാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ക്യാപ്റ്റന്‍ ജയവര്‍ധനെയും സമരവീരയുമാണ് ഇരട്ടസെഞ്ച്വറികളുമായി ലങ്കന്‍ ഇന്നിംഗ്സിന് പുതുജീവന്‍ നല്‍കിയത്.

424 പന്തില്‍ നിന്നാണ് ജയവര്‍ധനെ 240 റണ്‍സെടുത്തത്. 32 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. ഒടുവില്‍ ഷോയിബ് മാലികിന്‍റെ പന്തില്‍ കമ്രാന്‍ അക്മലിന് ക്യാച്ച് നല്‍കി ജയവര്‍ധനെ മടങ്ങുകയായിരുന്നു.

231 റണ്‍സെടുത്ത തിലന്‍ സമരവീര, ജയവര്‍ധനെയ്ക്ക് മികച്ച പിന്തുണ നല്‍കി. 318 പന്തില്‍ നിന്നാണ് സമരവീരയുടെ ഇന്നിംഗ്സ്. 31 തവണ സമരവീര പാക് ബൌളര്‍മാരെ അതിര്‍ത്തി കടത്തി. സമരവീരയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. ഒടുവില്‍ ഡാനിഷ് കനേരിയയുടെ ഗൂഗ്ലിയില്‍ സമരവീരയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു.

108.3 ഓവര്‍ ക്രീസില്‍ നിറഞ്ഞുനിന്ന കൂട്ടുകെട്ടിനെ വേര്‍പിരിക്കാ‍നാകാതെ പാക് ബൌളര്‍മാര്‍ പലപ്പോഴും വട്ടം കറങ്ങി. 437 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ലങ്കയ്ക്ക് നല്‍കിയത്. നാലാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടാണിത്.

52 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. ഇംഗ്ലണ്ടിന്‍റെ പീറ്റര്‍ മെയും കൊളിന്‍ കൌഡ്രെയും 1957ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കുറിച്ച 411 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്.

പാക് ബൌളിംഗിന് മുന്നില്‍ വന്‍‌മതിലായി നിലകൊണ്ട ഈ സഖ്യം വേര്‍പിരിഞ്ഞ ശേഷം ലങ്കയ്ക്ക് കാര്യമായി സ്കോറിംഗിന് വേഗം കൂട്ടാനായില്ല. പിന്നീടെത്തിയ ദില്‍‌ഷന്‍ റണ്‍സൊന്നും എടുക്കാതെയും പ്രസന്ന ജയവര്‍ധന 18 റണ്‍സോടെയും പുറത്തായി. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ ലങ്ക തീരുമാനിച്ചു. 12 റണ്‍സുമായി വാസായിരുന്നു ഒടുവില്‍ ക്രീസിലുണ്ടായിരുന്ന ബാറ്റ്സ്മാന്‍.