ദ്രാവിഡ് രക്ഷകനായി; എന്നിട്ടും ഇന്ത്യ തുലച്ചു

Webdunia
ഞായര്‍, 31 ജൂലൈ 2011 (10:27 IST)
PRO
PRO
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി. ദ്രാവിഡ് ഒരിക്കല്‍ കൂടി വന്‍‌മതിലായെങ്കിലും രണ്ടംടെസ്റ്റിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് കൈവിട്ടുപോവുകയായിരുന്നു. സ്റ്റ്യുവര്‍ട്ട് ബ്രോഡ് തീര്‍ത്ത കൊടുംകാറ്റില്‍ ഭയന്ന് ഇന്ത്യന്‍ നിര ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങി.

നാലിന് 267 എന്ന നിലയില്‍ ഇന്ത്യ ശക്തമായി മുന്നേറുമ്പോഴാണ് ഇംഗ്ലണ്ട് കളിയിലേക്ക് കരുത്തന്‍ തിരിച്ചുവരവ് നടത്തിയത്. ആദ്യ ഇന്നിംഗ്സില്‍ വെറും 67 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ ലീഡ്. 21 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ഇതില്‍ അഞ്ചും പിഴുതെറിഞ്ഞത് ബ്രോഡ് തന്നെയായിരുന്നു. കരിയറിലെ കന്നി ഹാട്രിക്കടക്കം ആറുവിക്കറ്റുകളാണ് ബ്രോഡിന്റെ സമ്പാദ്യം.

തന്റെ മുപ്പത്തിനാലാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച ദ്രാസിഡ് 117 റണ്‍സ് നേടി. വി വി എസ് ലക്ഷ്മണ്‍(54), യുവരാജ് സിങ് (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളും രണ്ടാം ദിവസത്തെ എടുത്തു പറയേണ്ട പ്രകടനങ്ങളാണ്. അഞ്ചാം വിക്കറ്റില്‍ യുവരാജ്-ദ്രാവിഡ് സഖ്യം 128 റണ്‍സാണ് അടിച്ചു കൂട്ടിയത്. പിന്നാലെ വന്നവരെല്ലാം കാര്യമായ സംഭാവന ഒന്നും നല്‍കാതെ മടങ്ങിയപ്പോള്‍ 288 റണ്‍സിന് ഇന്ത്യ പുറത്താവുകയും ചെയ്തു.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സ്‌ട്രോസും (6) ഇയാന്‍ ബെല്ലു(9)മാണ് ക്രീസില്‍. അലസ്റ്റര്‍ കുക്കാണ് പുറത്തായത്.