ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍

Webdunia
ശനി, 2 ജൂണ്‍ 2012 (11:12 IST)
PTI
PTI
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം ചൂടിയത്. ഗൌതം ഗംഭീറും കൂട്ടരുമാണ് കിരീടം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ ധോണിയോളം തന്നെ യോഗ്യത ഗംഭീറിനുമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനാകാന്‍ ഗംഭീര്‍ യോഗ്യനാണെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്.

ഈ അഭിപ്രായത്തോട് ഗംഭീര്‍ യോജിച്ച് പ്രകടിപ്പിച്ചിരിക്കുകയാണ്. ടെസ്റ്റ് ടീമിനെ നയിക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന വെല്ലുവിളി ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണത്“- ഗംഭീര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തെ പരിചയം ഗംഭീറിനുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 48 ടെസ്റ്റ് മത്സരങ്ങളിലും 134 ഏകദിന മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.