ടെന്‍ഡുല്‍ക്കര്‍ പ്രദര്‍ശനമത്സരത്തില്‍

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (17:10 IST)
ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദിനേശ് കാര്‍ത്തിക്കും വെള്ളിയാഴ്ച വെല്ലിംഗ്ടണില്‍ നടക്കുന്ന പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കും. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വാ‍ര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷനും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള മത്സരത്തിലാണ് ഇരുവരും കളിക്കുക. ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് പ്ലെയേഴ്സിന് വേണ്ടിയും കാര്‍ത്തിക് മറുപക്ഷത്തുമാണ് അണിനിരക്കുക.

ന്യൂസിലാന്‍ഡില്‍ ആദ്യമത്സരങ്ങളില്‍ പങ്കെടുക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരത്തിന് അവസരമൊരുക്കുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് നടപടി. ടെന്‍ഡുല്‍ക്കറും കാര്‍ത്തിക്കും ഇന്ത്യയുടെ ട്വന്‍റി20 സ്ക്വാഡില്‍ ഇല്ലാത്തവരാണ്.

അതേസമയം ഐസി‌എല്‍ ടൂര്‍ണ്ണമെന്‍റില്‍ റോയല്‍ ബംഗാള്‍ ടൈഗേഴ്സിന് വേണ്ടി കളിച്ച മുന്‍ ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ ഹാമിഷ് മാര്‍ഷലും പ്ലെയേഴ്സ് ടീമില്‍ ഉണ്ട്. ഐസി‌എല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്ന കളികളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

സച്ചിന്‍ കളിക്കുന്നതിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സച്ചിനും കാര്‍ത്തിക്കിനും പ്രദര്‍ശനമത്സരത്തില്‍ കളിക്കാന്‍ അവസരം നല്‍കിയതിനെ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റന്‍ സ്വാഗതം ചെയ്തു.

ഐസി‌എല്‍ കളിക്കാര്‍ക്ക് ആഭ്യന്തര ലീഗില്‍ പങ്കെടുക്കുന്നതിന് ന്യൂസിലാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഹാമിഷിന്‍റെ കരാര്‍ കഴിഞ്ഞ കൊല്ലത്തോടെ കഴിഞ്ഞു എന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ചൂണ്ടിക്കാട്ടി.