ചാമ്പ്യന്‍സ് ലീഗ്: ആദ്യമത്സരം മുംബൈ-ഹൈവെല്‍ഡ് ലയണ്‍സ്

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (11:46 IST)
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കന്‍ ക്ലബായ ഹൈവെല്‍ഡ് ലയണ്‍സിനെ നേരിടും. സെപ്റ്റംബര്‍ പത്തിന് ജോഹന്നാസ്ബര്‍ഗിലെ വാന്‍ഡേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഗുപ്പ് ബിയില്‍ മുംബൈ ഇന്ത്യന്‍സിനെ കൂടാതെ ഐ പി എല്ലിലെ മൂന്നാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഉള്‍പ്പെടും. ദക്ഷിണ ഓസ്ട്രേലിയ റെഡ്ബാക്സ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ എന്നിവയുടെ അവസാന പട്ടിക ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാകും.

ഐ പി എല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ് ഗ്രൂപ്പ് എ യിലാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26ന് വാന്‍ഡേര്‍സ് സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ നടക്കുന്നത്.

പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂ‍പ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളെ സെമിയിലേക്ക് പരിഗണിക്കും.