1880 ല്‍ തലശേരിയില്‍ ക്രിക്കറ്റ് കളി ആരംഭിച്ചതോടെയാണ് ക്രിക്കറ്റിനും കേരളത്തിനും ഒരു ബന്ധമുണ്ടായത്. നിരവധി താരങ്ങളാണ് മലബാറിന്റെ മണ്ണില്‍ പൊട്ടിമുളച്ചത്. കഠിനാധ്വാനം നല്‍കിയ കരുത്താലുള്ള അവരുടെ ബൌളിംഗും ബാറ്റിംഗും ഇന്ന് ലോകം അത്ഭുതം കൂറുന്ന ധോണിയുടെ ഹെല്‍കോപ്റ്റര്‍ ഷോട്ടുകളെയും മണിക്കൂറില്‍ 161 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ശുഐബ് അക്തറിന്റെയും പ്രകടനങ്ങളെ കവച്ചുവെക്കുമായിരുന്നെന്ന് പഴമക്കാര്‍ അവകാശപ്പെടുന്നു.
ബ്രിട്ടീഷ് താരങ്ങള അനുകരിച്ച പലര്‍ക്കും പല പേരുകളും വീണു. ഇന്നും പഴയ തലമുറ ഉള്‍പ്പുളകത്തോടെ തങ്ങളുടെ വീരനായകരെപ്പറ്റി അഭിമാനത്തോടെ പറയുന്നു. അംഗീകാരങ്ങള്‍ക്കും മറ്റും കാത്തുനില്‍ക്കാതെയും ശേഷിപ്പുകളില്ലാതെയുമാണ് അവര്‍ കടന്നുപോയത്. പക്ഷേ ആ പേരുകളെയും പെരുമയെയും മായ്ക്കാനും മറക്കാനും ആര്‍ക്കും കഴിയില്ല.
ബ്രിട്ടീഷ് താരങ്ങളെ അനുകരിച്ചാണ് പലര്‍ക്കും പേരുകള്‍ വീണത്. 'ആന്‍സന്‍' അബൂബക്കര്‍ എന്ന വിക്കറ്റ് കീപ്പര്‍ നാവു കൊണ്ട് ബെയില്‍സ് തെറിപ്പിച്ചിരുന്നു എന്നായിരുന്നു കഥ. സ്കൂള്‍ പ്യൂണായിരുന്ന മമ്മുവിന്റെ പന്തുകള്‍ പലതും ഷൂട്ടറുകള്‍ ആയിരുന്നു. 'കോസ്' അച്ചു ബാങ്ക് ജീവനക്കാരനായിരുന്നു.
സികസര്‍ കുഞ്ഞിപ്പക്കി: തലശേരിക്കാരന്‍ അച്ചാരത്ത് കുഞ്ഞിപ്പക്കി ബൌളര്‍മാര്‍ക്കെല്ലാം പേടിസ്വപനമായിരുന്നു. എങ്ങനെയുള്ള ബൌളറാണെങ്കിലും ഏതു പിച്ചാണെങ്കിലും കുഞ്ഞിപ്പക്കിയുടെ ബാറ്റില്‍ പന്തുകൊണ്ടാല്‍ അത് സിക്സറായിരുന്നു. അദ്ദേഹത്തിന്റെ സിക്സറുകളുടെ ഉയരം അളന്നാല്‍ അത് ഗിന്നസ് ബുക്കില്‍ കയറുമായിരുന്നു.