ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ചരിത്രവിജയത്തിനു ശേഷം ത്രിരാഷ്ട്ര ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു പുറപ്പെട്ടു. 28നു ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കു പുറമേ വെസ്റ്റിന്‍ഡീസും ശ്രീലങ്കയുമാണു മറ്റു ടീമുകള്‍. ആദ്യത്തെ രണ്ടു മത്സരങ്ങള്‍ ജമൈക്കയിലും പിന്നീടുള്ള മത്സരങ്ങള്‍ ട്രിനിഡാഡിലുമായിരിക്കും നടക്കുക.
‘അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി‘ വിമാന യാത്രയ്‌ക്കിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. വിന്‍ഡീസുമായിട്ടാണ് 30നു ഇന്ത്യയുടെ ആദ്യമത്സരം. പരിക്കേറ്റ ഇര്‍ഫാന്‍ പത്താനു പകരം ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷാമിയെ ഉള്‍പ്പെടുത്തിയതാണു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നുള്ള ഏകമാറ്റം.
ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്ക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍ എന്നിവരാണു മറ്റു ടീമംഗങ്ങള്‍.