ഏകദിന ബോളിംഗ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (12:34 IST)
PTI
PTI
ഏകദിന ബോളിംഗ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തെത്തി. 17 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ താരം ഐസിസിയുടെ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമത്തെത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ബൗളറാണ് രവീന്ദ്ര ജഡേജ. വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരെയ്‌നൊപ്പമാണ് ജഡേജ ഒന്നാം റാങ്ക് പങ്കിട്ടത്.

ചാമ്പ്യന്‍സ് ട്രോഫിയിലെയും ത്രിരാഷ്ട്ര പരമ്പരയിലെയും ജഡേജയുടെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്തെത്തിച്ചത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും ജഡേജ നേടി. ഒരു ഇന്ത്യന്‍ താരം ബോളിങ്ങില്‍ ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തെത്തിയത് 1996ലായിരുന്നു.

1996 ല്‍ അനില്‍ കുംബ്ലെയായിരുന്നു റാങ്കിംഗ് പട്ടികയില്‍ ഒന്നാമത്. കുബ്ലെയ്ക്ക് മുന്‍പ് കപീല്‍ ദേവ്, മനീന്ദര്‍ സിംഗ് എന്നിവരും ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ലീഡിംഗ് വിക്കറ്റ് റ്റേക്കറാണ് ജഡേജ. 22 മത്സരങ്ങളില്‍ നിന്നായി 38 വിക്കറ്റുകളാണ് ജഡേജ നേടിയത്.

ഐസിസി വേള്‍ഡ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സിംബാബ് വെയ്‌ക്കെതിരായ സമ്പൂര്‍ണ്ണ പരമ്പര വിജയത്തോടെ റേറ്റിംഗ് മെച്ചപ്പെടുത്തി. രണ്ടാം റാങ്കിലുള്ള ഓസ്‌ട്രേലിയന്‍ ടീമിനെക്കാള്‍ ഒന്‍പത് റേറ്റിംഗ് മുകളിലാണ് ടീം ഇന്ത്യ.